
കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതോടെ ഒഴിവു വന്ന സീറ്റുകളിൽ വിഹിതം ആവശ്യപ്പെട്ട് മുസ്ലീംലീഗും ഇതാദ്യമായി ജില്ലയിൽ കളത്തിലിറങ്ങി.
മുന്നണി വിട്ടതോടെ ഒഴിവു വരുന്ന ജോസ് വിഭാഗത്തിന്റെ സീറ്റുകൾ മൊത്തത്തിൽ സ്വന്തമാക്കാൻ കോൺഗ്രസ് അണിയറ നീക്കം തുടങ്ങിയതോടെയാണ് ജോസഫ് വിഭാഗവും മുസ്ലീം ലീഗുമടക്കം ഘടക കക്ഷികൾ രംഗത്തെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസും കേരളകോൺഗ്രസും പതിനൊന്ന് സീറ്റുകളിൽ വീതമാണ് മത്സരിച്ചത്. കോൺഗ്രസ് എട്ടു സീറ്റിലും കേരളകോൺഗ്രസ് ആറ് സീറ്റിലും വിജയിച്ചു. ജോസഫ് വിഭാഗത്തിന് ജില്ലയിൽ കാര്യമായ സ്വാധീനമില്ലാത്തതിനാൽ കേരളകോൺഗ്രസ് എമ്മിന് നൽകിയ പതിനൊന്നു സീറ്റിൽ ഭൂരിപക്ഷവും സ്വന്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. എന്നാൽ ജോസ് മുന്നണി വിട്ടെങ്കിലും നേരത്തേ മത്സരിച്ച 11 സീറ്റിനും തങ്ങൾക്ക് അർഹതയുണ്ടെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി സീറ്റുകളിലാണ് മുസ്ലീംലീഗിന് നോട്ടം.
എ, ഐ ഗ്രൂപ്പ് തിരിഞ്ഞ് അടി
കോൺഗ്രസിന് ജില്ലാ പഞ്ചായത്തിൽ കൂടതൽ സീറ്റ് കിട്ടുമെന്നുറപ്പായതോടെ ഒരു സീറ്റിന് മൂന്നുപേരെന്ന കണക്കിൽ എ, ഐ ഗ്രൂപ്പ് തിരിഞ്ഞ് സ്ഥാനാർത്ഥി മോഹികളുടെ ഇടിയും തുടങ്ങി. കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഭരണങ്ങാനം, കിടങ്ങൂർ, പൂഞ്ഞാർ, അതിരമ്പുഴ, അയർക്കുന്നം, പുതുപ്പള്ളി, എരുമേലി തുടങ്ങി യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളിലാണ് സ്ഥാനാർത്ഥി മോഹികളുടെ പിടിവലി . സീറ്റു കിട്ടാത്തവർ റിബലായി മത്സരിച്ച് തലവേദന സൃഷ്ടിക്കുമോ എന്ന ഭീതിയിലാണ് യു.ഡി.എഫ് നേതാക്കൾ.
വിലപേശി ജോസ് വിഭാഗം
ഇടതു മുന്നണിയുമായി സഹകരിക്കുന്ന ജോസ് വിഭാഗത്തിന് ജില്ലാ പഞ്ചായത്തിൽ കൂടുതൽ സീറ്റുകൾ നൽകേണ്ടി വരും. നാല് സീറ്റാണ് ജോസ് വിഭാഗത്തിനുള്ളത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ 11 ആണെങ്കിലും അത്രയും ഇടതു മുന്നണി നൽകില്ല. സി.പി.ഐ തങ്ങളുടെ സീറ്റ് വിട്ടു കൊടുക്കില്ല . അതിനാൽ ജോസിനായി സി.പി.എം കൂടുതൽ വിട്ടു വീഴ്ച ചെയ്യേണ്ടിവരും.
" തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ യു.ഡി.എഫിലെ മറ്റുകക്ഷികളെ പോലെ മുസ്‌ലിം ലീഗിനും അർഹമായ സീറ്റുകൾ വേണം."
മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി