
കോട്ടയം: മൂന്നാറിൽ തേയില തോട്ടങ്ങളുടെ നടുവിലൂടെ ട്രെയിൻ ഓടിക്കാൻ സമഗ്ര പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. 1924ലെ പ്രളയത്തിൽ തകർന്ന ബ്രിട്ടീഷ് ഭരണകാലത്തെ കുണ്ടളവാലി ട്രെയിൻ സർവീസ് പുനരാരംഭിക്കാനുള്ള ശ്രമമാണ് വീണ്ടും പച്ചപിടിക്കുന്നത്. കഴിഞ്ഞദിവസം രണ്ടാം ഘട്ട പരിശോധന നടന്നു. ടൂറിസം വകുപ്പുമായി സഹകരിച്ചാവും പദ്ധതി നടപ്പിലാക്കുക. ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥരും ടൂറിസം ഡപ്യൂട്ടി ഡയറക്ടറും ജനപ്രതിനിധികളും കെ.ഡി.എച്ച്.പി കമ്പനി ഉദ്യോഗസ്ഥരുമാണ് മൂന്നാറിൽ പരിശോധനക്ക് എത്തിയത്. ഇത് രണ്ടാം വട്ടമാണ് റെയിൽവേ അധികൃതർ ഇവിടെയെത്തി പരിശോധന നടത്തുന്നത്. കഴിഞ്ഞവർഷം ജൂൺ 21നായിരുന്നു ആദ്യ പരിശോധന. ഇതിന്റെ തുടർച്ചയായിട്ടാണ് റെയിൽവേ അധികൃതർ വീണ്ടും എത്തിയത്. ടൂറിസം വികസനം ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുക.
പ്രളയം തകർത്ത യാത്ര
ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നാറിൽ കൊളുന്ത് കൊണ്ടുപോവുന്നതിനും ഭക്ഷണവസ്തുക്കളും കെട്ടിട നിർമ്മാണ സാധനങ്ങൾ എത്തിക്കുന്നതിനും ഗുഡ്സ് ട്രെയിൻ സർവീസ് ഉണ്ടായിരുന്നു. ആദ്യം മോണോ റെയിലായും പിന്നീട് ആവി എഞ്ചിൻ ഘടിപ്പിച്ച ട്രെയിനും ഓടിയിരുന്നു. എന്നാൽ പ്രളയത്തിൽ പാളം തകർന്നതോടെ അത് നിർത്തി. ട്രെയിൻ പാളത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും മൂന്നാറിലുണ്ട്.
അഞ്ചു കിലോമീറ്റർ ദൈർഘ്യത്തിൽ പരീക്ഷണാർത്ഥം പാത നിർമ്മിക്കാനാണ് ആലോചന നടക്കുന്നത്. ഇത് വിജയിച്ചാൽ മൂന്നാറിലെ തേയില തോട്ടങ്ങൾക്കിടയിലൂടെ ട്രെയിൻ കൂവിപ്പായും. ഇത് ടൂറിസം മേഖലക്ക് കുതിപ്പാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
മുമ്പ് റെയിൽവേ സ്റ്റേഷൻ ആയിരുന്ന സ്ഥലത്തെ കെട്ടിടങ്ങൾ ഇപ്പോൾ കെ.ഡി.എച്ച്.പി ഓഫീസാണ്. ഇവിടെ മുതൽ ടൂറിസ്റ്റ് സെന്ററായ മാട്ടുപെട്ടി വരെ റെയിൽ സർവീസ് നടത്താനാണ് പ്രാഥമിക പരിശോധന നടക്കുന്നത്. ആദ്യം നടത്തിയ പരിശോധനാറിപ്പോർട്ട് ഒരു വർഷം മുമ്പുതന്നെ ഇന്ത്യൻ റെയിൽവേയ്ക്ക് കൈമാറിയിരുന്നു.