anop

കോട്ടയം : മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിലെ പ്രഖ്യാപനങ്ങൾ എല്ലാം അസത്യമാണെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ തെളിഞ്ഞ സാഹചര്യത്തിൽ അല്പമെങ്കിലും മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ഹൈ പവർ കമ്മിറ്റി സംഘടിപ്പിച്ച കേരള കോൺഗ്രസ് അമ്പത്തിയാറാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഒക്‌ടോബർ 14 ന് എല്ലാ നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും ഗവൺമെന്റ് ഓഫീസുകൾ മുൻപിൽ പ്രതിഷേധ ധർണ നടത്തും. അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതുമുന്നണിയിലേക്ക് ജോസ് കെ മാണി പോകുന്നത് ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എഴുകോൺ സത്യൻ, ബാബു വലിയ വീടൻ, കെ.ആർ. ഗിരിജൻ, പ്രൊഫ. ജോണി സെബാസ്റ്റ്യൻ, രാജു പാണാലിക്കൽ, കെ. ജി. പുരുഷോത്തമൻ, , റെജി ജോർജ്, ചിരട്ടക്കോണം സുരേഷ്, വത്സൻ അത്തിക്കൽ, അഡ്വ. പി. എസ്. ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.