
വൈക്കം : അവഗണനയിൽ ഒറ്റപ്പെട്ട് വൈക്കം നഗരത്തിന് കേവലം രണ്ടര കിലോമീറ്റർ മാത്രം അകലെയുള്ള പനമ്പുകാട് ഗ്രാമം. ടൗണിലേക്ക് എത്താൻ പൊതുഗതാഗത സംവിധാനമോ സഞ്ചാരയോഗ്യമായ നല്ല റോഡുകളോ ഇല്ല. ഉദയനാപുരം പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഉൾപ്പെട്ട പ്രദേശമാണിത്. ഇതുവഴി ഉണ്ടായിരുന്ന ബസ് സർവീസ് നിലച്ചിട്ട് പതിനഞ്ച് വർഷത്തോളമായി. രണ്ട് അപ്രോച്ച് റോഡുകളും ഒരു കലുങ്കും പണിത് ഗതാഗത സൗകര്യത്തിനുള്ള പാതയുണ്ടാക്കണമെന്ന് ഏറെനാളായി നാട്ടുകാർ ആവശ്യപ്പെടുകയാണ്. മത്സ്യ തൊഴിലാളികളും കായലിൽ നിന്ന് കക്ക വാരി ഉപജീവനം തേടുന്നവരുമാണ് പ്രദേശത്തെ ഭൂരിഭാഗം ആളുകളും. മത്സ്യവും കക്കയും രണ്ടര കിലോമീറ്റർ ദൂരെയുള്ള കോവിലകത്തും കടവ് മാർക്കറ്റിൽ എത്തിക്കുക പ്രയാസകരമാണ്.
വിദ്യാർത്ഥികളും ദുരിതത്തിൽ
നൂറുകണക്കിന് വിദ്യാർത്ഥികളാണ് പ്രദേശത്ത് നിന്ന് വിവിധ സ്‌കൂളുകളിൽ പഠനം നടത്തുന്നത്. ബസ് സർവീസ് ഇല്ലാത്തതിനാൽ ഓട്ടോറിക്ഷ ഉൾപെടെയുള്ള സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവർ. നിത്യ ചെലവിന് പോലും പണമില്ലാത്ത സാധാരണക്കാരുടെ മക്കൾക്ക് സ്‌കൂളുകളിലെത്താൻ നടപ്പല്ലാതെ മറ്റൊരു മാർഗമില്ല. രോഗികളെ ആശുപത്രിയിലെത്തിക്കാനും ബുദ്ധിമുട്ടാണ്. ഇരുചക്ര വാഹനങ്ങളിലും മറ്റുമായി രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് അധികാരികളെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.