pjj

കോട്ടയം: ഇടതുമുന്നണി പ്രവേശനത്തിന് കേരള കോൺഗ്രസ് ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റിയുടെ പച്ചക്കൊടി. കേരള കോൺഗ്രസ് ജന്മദിനമായ ഇന്നലെ ഓൺ ലൈനിലൂടെയാണ് കമ്മിറ്റി ചേർന്നത്. ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപനമുണ്ടാവുമെന്ന് ചെയർമാൻ ജോസ് കെ. മാണി യോഗത്തെ അറിയിച്ചു. എന്തു തീരുമാനമെടുക്കാനും യോഗം ചെയർമാനെ ചുമതലപ്പെടുത്തി.

കേരള കോൺഗ്രസിന്റെ രാഷ്ട്രീയനിലപാട് കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതാകുമെന്ന് ജോസ് കെ. മാണി പറഞ്ഞു,

യു.ഡി.എഫ് രാഷ്ട്രീയവഞ്ചന കാണിച്ചു. യു.ഡി.എഫിലെ ഒരു നേതാവുപോലും പുറത്താക്കലിന് ശേഷം ചർച്ചയ്‌ക്ക് തയ്യാറായില്ല. കേരള കോൺഗ്രസിനെ ശിഥിലമാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാകും തദ്ദേശ തിരഞ്ഞെടുപ്പ്. പി.ജെ. ജോസഫും കൂട്ടരും ഒറ്റുകാരെപ്പോലെയാണ് പ്രവർത്തിച്ചത്. അപമാനിച്ചു പുറത്താക്കിയ യു.ഡി.എഫിലേക്ക് തിരിച്ചുപോക്കില്ലെന്നും ജോസ് കുറ്റപ്പെടുത്തി.

കോൺഗ്രസിനും ജോസഫ് വിഭാഗത്തിനുമെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിലുണ്ടായത്. ഇടതുമുന്നണി പ്രവേശനത്തിനെതിരായ അഭിപ്രായങ്ങൾ യോഗത്തിലുണ്ടായില്ല. കർഷകക്ഷേമനിധി ബോർഡ് രൂപീകരിക്കാനുള്ള സർക്കാർ തീരുമാനത്തെ യോഗം അഭിനന്ദിച്ചു.

കേരളമാകെ ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുകൊണ്ടുള്ള ഹരിതയജ്ഞം പദ്ധതിക്കും തുടക്കംകുറിച്ചു. കോട്ടയത്തെ പാർട്ടി ആസ്ഥാനത്ത് ജോസ് കെ. മാണി വൃക്ഷത്തൈ നട്ടു. തോമസ് ചാഴികാടൻ എം.പി, റോഷി അഗസ്റ്റിൻ ഡോ.എൻ. ജയരാജ്, സ്റ്റീഫൻ ജോര്‍ജ്, പി.എം. മാത്യു, വിജി എം. തോമസ് എന്നിവർ സംസാരിച്ചു.

'ജോസ് വിഭാഗമാണ് യു.ഡി.എഫിനോട് വഞ്ചനകാട്ടിയത്. ജോസ് വിഭാഗത്തിന് ഇടതു മുന്നണി പ്രവേശനം ഉറപ്പില്ല. കടുത്ത വഞ്ചനകാട്ടിയാണ് അവർ യു.ഡി.എഫിൽ നിന്ന് പോയത്. ദിശാബോധം ഇല്ലാതെ ഒഴുകിനടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ്. ഏതു നിമിഷവും ആ കൊതുമ്പുവള്ളം മുങ്ങിത്താഴാം".

- പി.ജെ. ജോസഫ്