പാലാ : പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം - പാലാ - തൊടുപുഴ റോഡിൽ കോടികൾ മുടക്കി സ്ഥാപിച്ച സോളാർ ലൈറ്റുകൾ മിഴിയടച്ചു. ലൈറ്റുകൾ പ്രവർത്തനരഹിതമായിട്ട് നാളുകളേറയായെങ്കിലും അധികാരികൾ കണ്ടമട്ടില്ല. പാതയിലെ വെളിച്ചക്കുറവ് മൂലം രാത്രികാലങ്ങളിലെ
അപകടവും പതിവാകുകയാണ്. സംസ്ഥാനത്ത് ആദ്യമായി ഈ പാതയിലുടനീളം പത്തുകോടി രൂപയോളം ചെലവഴിച്ച് 40 മീറ്റർ ഇടവിട്ട് കെ.എസ്.ടി.പിയാണ് ലൈറ്റുകൾ സ്ഥാപിച്ചത്.
2017ൽ നിർമ്മാണം പൂർത്തിയായി. റോഡിന്റെ സംരക്ഷണം പൊതുമരമാത്ത് വകുപ്പിന്റെ കാഞ്ഞിരപ്പള്ളി,പാലാ,തൊടുപുഴ ഓഫീസുകൾക്ക് കീഴിലാണ്. തുടക്കത്തിൽ സംസ്ഥാനപാതയെ പ്രകാശ പൂരിതമാക്കിയിരുന്ന സോളാർ ലൈറ്റുകൾ ഒരു വർഷത്തിനുള്ളിൽ അണഞ്ഞു തുടങ്ങി. ലൈറ്റുകൾക്കും, അനുബന്ധ ഉപകരങ്ങൾക്കും നിലവാരം കുറവാണെന്നും ആരോപണമുയർന്നിരുന്നു.
വാഹനം ഇടിച്ചും തകർന്നു
സ്ഥാപിച്ച് അധികം താമസിയാതെ പല സോളാർ തൂണുകളും വാഹനങ്ങളിടിച്ച് തകർന്നു. അതേപടി ഇപ്പോഴും ഇത് കിടക്കുകയാണ്. ഉടമകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ നഷ്ട പരിഹാരമായി ഈടാക്കിയിട്ടുണ്ടെങ്കിലും തകർന്ന ഒരു ലൈറ്റു പോലും മാറ്റിസ്ഥാപിച്ചിട്ടില്ല. മരച്ചില്ലകൾ സോളാർ തൂണുകൾക്ക് മുകളിലേക്ക് വളരുന്നതും ഭീഷണിയാണ്.