
വൈക്കം : വൈക്കം വെച്ചൂർ ശാസ്തക്കുളം സ്വദേശി ജിഷ്ണു ഹരിദാസിന്റെ തിരോധാനത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കൈപ്പുഴമുട്ട് മുതൽ മുപ്പതോളം കേന്ദ്രങ്ങളിൽ അഞ്ചോളം പേർ വീതം പങ്കെടുത്ത ധർണയാണ് നടന്നത്. വൈക്കം പൊലീസ് സ്റ്റേഷന് മുന്നിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ വി.ടി.സണ്ണി കൊച്ചു പോട്ടയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം നഗരസഭ കൗൺസിലർ കെ.ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. കോട്ടയം മറിയപ്പള്ളിയിൽ കണ്ടെത്തിയ മൃത ദേഹാവശിഷ്ടം ജിഷ്ണുവിന്റെതാണെന്ന് ഡി.എൻ.എ പരിശോധനയിൽ വ്യക്തമായതോടെ ആസൂത്രിതമായി കൊല നടത്തിയിരിക്കാമെന്ന ബന്ധുക്കളുടെ സംശയം തള്ളിക്കളയാനാവില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി നീലകണ്ഠൻ മാസ്റ്റർ ആരോപിച്ചു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെൻ, പോൾസൺ ജോസഫ്,എം.അബു, വി.സസത്ത്കുമാർ, ആക്ഷൻ കൗൺസിൽ രക്ഷാധികാരി കെ.ആർ.ഷൈലകുമാർ, ആക്ഷൻ കൗൺസിൽ ജനറൽകൺവീനർ വി.കെ.ജയൻ തീയാ പറമ്പിൽ,യു.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.