കുമരകം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകപരമായ പ്രവർത്തനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്നതെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. നവീകരിച്ച കുമരകം ഗ്രാമ പഞ്ചായത്ത് കെട്ടിട സമുച്ചയം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ കെ.സുരേഷ് കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.വി. ബിന്ദു, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷൈൻ കുമാർ വെട്ടക്കൽ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. രണ്ട് തവണ ഉദ്ഘാടനം നിശ്ചയിക്കുകയും പതിനായരങ്ങൾ മുടക്കി ഒരുക്കങ്ങൾ പൂർത്തീകരിച്ചതിനും ശേഷം മുന്നറിയിപ്പില്ലാതെ ചടങ്ങ് മാറ്റി വച്ചതിനാലാണ് ബഹിഷ്കരിച്ചതെന്ന് പ്രതിപക്ഷ പ്രതിനിധി അഡ്വ.വിഷ്ണു മണി അറിയിച്ചു. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത് കാരണം മന്ത്രിയ്ക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് ഉദ്ഘാടനം മാറ്റിവച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി.സലിമോൻ അറിയിച്ചു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ജനങ്ങൾ ഇതിനുള്ള മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.