പാലാ : ഗജസമ്രാട്ട് മഞ്ഞക്കടമ്പിൽ വിനോദ് 'കിടന്നു '. ഇന്നലെ രാവിലെ ഏഴോടെ കരൂരിൽ നിന്നു പറന്ന വാർത്ത ആനപ്രേമികളെ ഞെട്ടിച്ചു. ആന ഉടമകളും മഞ്ഞക്കടമ്പിൽ സഹോദരങ്ങളുമായ ജോജിയുടേയും സജിയുടേയും ഫോണുകളിലേയ്ക്ക് നിലയ്ക്കാത്ത വിളിയായിരുന്നു. വിവരമറിഞ്ഞ് ആനയുടമ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടും കൂട്ടരും പാഞ്ഞെത്തി. കഴിഞ്ഞ രണ്ടു ദിവസമായി വിനോദ് തീറ്റയെടുക്കാൻ മടി കാണിച്ചിരുന്നു. പാപ്പാൻ സൂരജിനും ഉടമ ജോജിയ്ക്കുമൊക്കെ എന്തോ പന്തികേടും തോന്നിയിരുന്നു.

ഇന്നലെ രാവിലെ സൂരജ് 'കെട്ടു തറി' യിൽ എത്തി നോക്കുമ്പോൾ വിനോദ് ' കിടന്ന കിടപ്പിലാണ്.'
പാതി മിഴിയടഞ്ഞ്, ചെവിയാട്ടമില്ലാതെ, ഏറെ അവശനായി. അപകടരമായ നിലയിൽ അവശത വന്നെങ്കിൽ മാത്രമേ ആന അനക്കമില്ലാതെ കിടക്കൂ എന്ന് അറിയാമായിരുന്ന ജോജി ഉടൻ പ്രമുഖ ആന ചികിത്സകനായ ഡോ.സാബു.സി.ഐസക്കിനെ വിളിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഡോക്ടറുമെത്തി. ക്ഷീണം മാറ്റാൻ ആദ്യ ഡോസ് ഗ്ലൂക്കോസും കാത്സ്യത്തിന്റെ മരുന്നും കൊടുത്തു. രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും മാറ്റമൊന്നും കാണാതിരുന്നതിനെ തുടർന്ന് അടുത്ത ഡോസ് ഗ്ലൂക്കോസ് കൊടുത്തു. പരിശോധനയ്ക്കായി രക്തവുമെടുത്തു.

ഉച്ചതിരിഞ്ഞതോടെ വിനോദ് മരുന്നുകളോടു പ്രതികരിച്ചു തുടങ്ങി. കണ്ണു തുറന്നു, ചട്ട വാക്കുകളിലൂടെ പാപ്പാൻ സൂരജിന്റെ പിന്തുണ, എഴുന്നേൽക്കെടാ മോനെ ! പത്തു മിനിട്ടിനുള്ളിൽ വിനോദ് എഴുന്നേറ്റു , ചെവിയും വാലും ആട്ടി, തുമ്പിക്കൈ ഉയർത്തി. ആരും പറയാതെ ഒരു ചുവട് മുന്നോട്ടു നടന്നു.

ഡോക്ടറുടെ അഭിപ്രായ പ്രകാരം പാപ്പാൻ സൂരജ് വിനോദിനെ മൂന്നു നാലു കിലോമീറ്റർ 'വഴി നടത്താനിറങ്ങി. ' പതിവായി ശർക്കര തരുന്ന മഞ്ഞക്കടമ്പിൽ ബെന്നിയുടെ വീട്ടു മുറ്റത്തേക്ക് വിനോദ് ഉത്സാഹത്തോടെ നടന്നു കയറി. ഒറ്റയടിക്ക് ശർക്കര ശാപ്പിട്ടു. തുടർന്ന് മുണ്ടുപാലം വരെ 4 കിലോമീറ്റർ ഒറ്റ നടപ്പ്. തൊട്ടുപിന്നിൽ, ഇടയ്ക്ക് വിനോദ് അവശനായാൽ കയറ്റാൻ ലോറിയുമായി ഉടമ ജോജിയും വീട്ടുകാരും.
എന്തായാലും മുണ്ടുപാലം വരെ നടന്നു മടങ്ങിയപ്പോഴേയ്ക്കും വിനോദിനു മുൻപത്തേക്കാൾ ഉശിര്. ഒരു ടോണിക്ക് കൂടി കൊടുത്താൽ മതി ഡോ.സാബുവിന്റെ നിർദ്ദേശം. ഇതോടെ ആരാധകരുടെയും മുഖത്ത് സന്തോഷം വിടർന്നു.