jose-k

കോട്ടയം: ഇടതുമുന്നണി പ്രവേശനത്തിന് കേരള കോൺ ഗ്രസ് ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി യോഗം പച്ചക്കൊടികാട്ടിയെങ്കിലും ഘടക കക്ഷികളുടെ എതിർപ്പ്, സീറ്റ് പ്രശ്നം എന്നിവ സംബന്ധിച്ച് ഇനിയും ധാരണയാകാത്തതിനാൽ അണികളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. ഈ ആഴ്ച തന്നെ ഇടതുമുന്നണി പ്രഖ്യാപനം ഉണ്ടാവുമെന്നും പാർട്ടിയുടെ രാഷ്ട്രീയ അസ്തിത്വം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള തീരുമാനം കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്നതാകുമെന്നും ചെയർമാൻ ജോസ് കെ. മാണി അവകാശപ്പെടുന്നുണ്ടെങ്കിലും എങ്ങനെയൊക്കെ ആയി ത്തീരുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.

യു.ഡി.എഫ് മൈൻഡ് ഉള്ളവരാണ് ഭൂരിപക്ഷം അണികളും. ഇടതു ബാന്ധവം അവർ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഇടതു പ്രവേശനത്തോട് താത്പര്യമില്ലാത്തവരെ യു.ഡി.എഫിൽ ഒപ്പം നിറുത്താൻ കോൺഗ്രസും ജോസഫ് വിഭാഗവും തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്തു നിൽക്കുകയാണ് . ഇടതു മുന്നണിയുടെ ഇമേജ് മങ്ങി നിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ യു.ഡി.എഫ് സീറ്റിനോട് താത്പര്യം കാണിക്കുന്നവർ ഏറെ ഉണ്ടാകാം. ഇത് പാർട്ടിയിൽ മറ്റൊരു പിളർപ്പുണ്ടാക്കുമോ എന്ന ഭീതിയിലാണ് നേതൃത്വം. കോൺഗ്രസാകട്ടെ ജോസ് വിഭാഗത്തിൽ പിളർപ്പുണ്ടാക്കി അണികളെ ഒപ്പം നിറുത്താൻ കൊണ്ട് പിടിച്ച ശ്രമത്തിലുമാണ്.

യു.ഡി.എഫ് പുറത്താക്കിയത് രാഷ്ട്രീയ വഞ്ചനയാണെന്നാരോപിച്ച് യു.ഡി.എഫ് വിരുദ്ധ മനോഭാവം അണികളിൽ ഉണ്ടാക്കാനാണ് ജോസ് വിഭാഗം നേതൃത്വത്തിന്റെ ശ്രമം. ഇത് എത്ര കണ്ട് വിജയിക്കുമെന്ന് കണ്ടറിയണം. കേരള കോൺഗ്രസിനെ ഉന്മൂലനം ചെയ്യാൻ പി.ജെ. ജോസഫുും കൂട്ടു നിന്നുവെന്ന് ആരോപിക്കുന്നതും ജോസഫ് വിഭാഗത്തിലേക്കുള്ള അണികളുടെ ഒഴുക്ക് മുന്നിൽ കണ്ടാണ്.

ഇടതു മുന്നണിയിൽ സി.പി.എം കാണിക്കുന്ന താത്പര്യം ഘടക കക്ഷികളായ സി.പി.ഐയോ, എൻ.സി.പിയോ ജോസ് വിഭാഗത്തോട് കാണിക്കുന്നില്ല. ജോസ് വിഭാഗത്തിന്റെ ശക്തി കേന്ദ്രമായ കോട്ടയം ജില്ലയിൽ ഇരു ഘടകകക്ഷികളുടെയും എതിർപ്പ് ശക്തമാണ് . പാലാ സീറ്റിൽ അട്ടിമറി ജയം നേടി ഒരു വർഷത്തിനുള്ളിൽ മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായി മാറി നിരവധി വികസന പദ്ധതികൾ കൊണ്ടുവന്ന മാണി സി. കാപ്പൻ പാലാ വിട്ടു കൊടുക്കില്ലെന്ന കടുത്ത നിലപാടിലാണ് . കാപ്പനെ അനുനയിപ്പിച്ച് പാലായിൽ നിന്ന് മാറ്റാമെന്ന് സി.പി.എം നേതാക്കൾ ജോസിന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും എൻ.സി.പി ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നത് ഇടതു മുന്നണിക്ക് പുതിയ തലവേദനയാകും.

ജോസ് വിഭാഗം ഇടതു മുന്നണിയിലേക്ക് വരുന്നത് തങ്ങളുടെ സ്വാധീനം കുറക്കുമെന്ന വിശ്വാസത്താൽ സി.പി.ഐ ഇപ്പോഴും താത്പര്യം കാണിക്കുന്നില്ല. കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐയിൽ നിന്നെടുത്ത് ജോസിന് കൊടുക്കാൻ സി.പി.എം ഏറെ വിയർപ്പൊഴുക്കേണ്ടിയും വരും.