അടിമാലി: അടിമാലി ടൗണിലും പരിസരപ്രദേശങ്ങളിലും പൊലീസിന്റെ രാത്രികാല പട്രോളിംങ്ങ് ഊർജ്ജിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.കൊവിഡ് ആശങ്ക പടർന്നതോടെ മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി ടൗൺ രാത്രികാലത്ത് വിജനമാണ്.മുമ്പ് വിനോദ സഞ്ചാരികളടക്കമുള്ളവരുടെ സാന്നിദ്ധ്യം ടൗണിനെ സദാസമയവും സജീവമാക്കി നിർത്തിയിരുന്നു.സാമൂഹ്യ വിരുദ്ധരും മോഷ്ടാക്കളും രാത്രികാലത്തെ വിജനത മുതലാക്കിയാണിപ്പോൾ അതിക്രമങ്ങൾ നടത്തുന്നത്.രാത്രികാലത്ത് പൊലീസ് പട്രോളിംങ്ങ് ശക്തമാക്കിയാൽ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ മാത്രം അടിമാലി ടൗണിൽ രണ്ട് മോഷണങ്ങളാണ് നടന്നത്.ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിച്ചു വന്നിരുന്ന മലഞ്ചരക്ക് കടയും വസ്ത്രവ്യാപാര ശാലയും കുത്തിതുറന്നായിരുന്നു മോഷണങ്ങൾ.ടൗണിലെ മറ്റിടങ്ങളെ അപേക്ഷിച്ച് രാത്രികാലത്ത് ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ആളുകൾ എത്താത്തതും ബസ് സ്റ്റാൻഡ് പരിസരത്തെ വെളിച്ചകുറവും മോഷ്ടാക്കൾക്ക് സഹായകരമാകുന്നു.തുടർച്ചയായി ബസ് സ്റ്റാൻഡ് പരിസരത്തുണ്ടായിട്ടുള്ള മോഷണങ്ങൾ വ്യാപാരികൾക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.നിലവിലെ സാഹചര്യത്തിൽ പോലീസ് പട്രോളിംങ്ങ് ശക്തമാക്കണമെന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന ആവശ്യം.