അടിമാലി: വനത്തിനുള്ളിൽ അനധികൃതമായി ആഴത്തും പന (കാട്ട് പന) ചെത്തി കള്ളുത്പാദിപ്പിച്ചതുമായി ബന്ധപ്പെട്ട് അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കേസ് രജിസ്റ്റർ ചെയ്തു.മാങ്കുളം ആനക്കുളം തൊണ്ണൂറ്റാറ് കുടിക്ക് സമീപമുള്ള വനത്തിൽ നിന്നുമാണ് അഞ്ച് ലിറ്ററോളം ആഴത്തുംപന കള്ള് നർക്കോട്ടിക് സംഘം കണ്ടെടുത്തത്.തൊണ്ണൂറ്റാറ് കുടിക്ക് സമീപമുള്ള വനത്തിൽ ചാരായ നിർമ്മാണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നാർക്കോട്ടിക് സംഘം പ്രദേശത്ത് പരിശോധന നടത്തിയത്.പരിശോധനക്കിടയിൽ അനധികൃതമായി ഉത്പാദിപ്പിച്ച 5 ലിറ്റർ ആഴത്തുംപന കള്ള് കണ്ടെടുത്തതായും കേസ് രജിസ്റ്റർ ചെയ്തതായും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദ് പറഞ്ഞു.വനത്തിനുള്ളിലെ രണ്ട് ആഴത്തുംപനകളിൽ കള്ള് ഉത്പാദനം നടന്ന് വന്നിരുന്നു.പ്രതിയെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്.പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ റ്റി വി സതീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാന്റി തോമസ്, മീരാൻ കെ എസ്, മാനുവൽ എൻ ജെ, ഹാരിഷ് മൈതീൻ, ശരത് എസ് പി എന്നിവർ പങ്കെടുത്തു.