vayala-road-1

കുറവിലങ്ങാട് : ഒരുതവണ പോയാൽ മതി. പിന്നെയാരും ഇതുവഴി വരില്ല. മടയകുന്ന് - വയലാ റോഡ് യാത്രക്കാർ‌ക്കും പ്രദേശവാസികൾക്കും ചില്ലറ ദുരിതമല്ല നൽകുന്നത്. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിലൂടെ എങ്ങനെ സഞ്ചരിക്കുമെന്ന യാത്രക്കാരുടെ ചോദ്യത്തിന് അധികൃതർക്കും ഉത്തരമില്ല. സർവീസ് ബസ് ഉൾപ്പടെ നൂറുകണക്കിന് ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

കുറവിലങ്ങാട് നിന്നും കുര്യം ജംഗ്ഷനിൽ നിന്നും വളകുഴിയിൽ നിന്നും വയലാ ബാങ്ക് ജംഗ്ഷനിലേക്ക് എത്തുന്നതിന് ഈ വഴിയാണ് പ്രധാനമായും ആളുകൾ ആശ്രയിക്കുന്നത്. മഴപെയ്താൽ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതും അപകടസാദ്ധ്യത കൂട്ടുന്നു. വേനൽക്കാലങ്ങളിൽ പൊടിശല്യവും രൂക്ഷമായതിനാൽ വ്യാപാരികൾ ഉൾപ്പെടെ ദുരിതത്തിലാണ്.

ഇനിയുമെന്തേ താമസം

പി.ഡബ്ല്യു.ഡി ഏറ്റെടുത്ത റോഡാണിത്. റീ-ടാറിംഗിന് ആവശ്യമായ ടെണ്ടർ നടപടികൾ പൂർത്തിയാക്കി സാധനങ്ങൾ ഇറക്കിയിട്ട് ഒരുവർഷത്തോളമായി. കുറച്ചുഭാഗങ്ങളിൽ പണി നടത്തി. തുടർന്നുള്ള ഭാഗങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ച് എത്രയും വേഗം റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വേനൽക്കാലത്ത് വഴിയാത്രക്കാർക്കും സമീപ വീടുകളിൽ താമസിക്കുന്നവർക്കും പൊടിശല്യം ദുസഹമാണ്. കഴിഞ്ഞ ഒരു വർഷമായി ഈ ദുരിതം അനുഭവിക്കുകയാണ്. ഇനിയെങ്കിലും ഇതിന് ഒരു പരിഹാരം കാണണം.

സെബാസ്റ്റ്യൻ ജോസഫ് പട്ടകുന്നേൽ,
കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് അംഗം

.........


ഇരുചക്ര വാഹനയാത്രക്കാർക്ക് ഏറ്റവും അപകടം പിടിച്ച മേഖലയാണിത്. കുഴിയിൽ നിന്ന് കുഴിയിലേക്കും കല്ലിൽ നിന്ന് കല്ലിലേക്കുമാണ് വണ്ടി പാളിക്കയറുന്നത്. ഈ അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണം.
സച്ചിൻ തറപ്പുതൊട്ടിയിൽ, പ്രദേശവാസി