counseling

കോട്ടയം: ജനറൽ ആശുപത്രിയിലെ കൗൺസിലിംഗ് കേന്ദ്രം ഐ.സി.യുവിനായി പൊളിച്ചു നീക്കിയതോ‌ടെ ജില്ലയിലെ മൂവായിത്തോളം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി. ഓട്ടിസവും ബുദ്ധിമാന്ദ്യവും അടക്കമുള്ള കുട്ടികൾക്ക് കൗൺസിലിംഗ് നടത്തിയിരുന്നത് ജനറൽ ആശുപത്രിയിലെ ഈ കേന്ദ്രം വഴിയാണ്. നേരത്തെ സ്‌പെഷ്യൽ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ആശുപത്രിയിൽ നേരിട്ടെത്തിയാണ് കൗൺസിലിംഗിൽ പങ്കെടുത്തിരുന്നത്. എന്നാൽ, കൊവിഡ് പ്രതിസന്ധിയിൽ നേരിട്ട് എത്താൻ സാധിക്കാതായി. ഇതേ തുടർന്നാണ് ടെലി കൗൺസിലിംഗ് ആരംഭിച്ചത്. ജനറൽ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ മുറിയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇതാണ് ഐ.സി.യുവിനായി മാറ്റുന്നത്.

പരിഗണന വേണ്ട കുട്ടികൾ

പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളിൽ 90 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ്. വൻ തുക ചെലവഴിച്ച് പരിശീലനം നൽകാനുള്ള ശേഷി ഈ കുടുംബങ്ങളിലുള്ളവർക്ക് ഇല്ല. ജനറൽ ആശുപത്രിയിൽ നൽകുന്ന സൗജന്യ കൗൺസിലിംഗിലാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ, ഇതും തകർന്നു. കൗൺസിലറെ സ്‌കൂളിൽ എത്തിക്കാമെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ, അടഞ്ഞു കിടക്കുന്ന സ്‌കൂളുകളിൽ എങ്ങിനെ കുട്ടികൾ എത്തുമെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല.