latex

കോട്ടയം : കൊവിഡ് ഭീതിയെ തുടർന്ന്‌ ഗ്ലൗസിന് ഡിമാൻഡും വിലയും കൂടിയിട്ടും നിർമ്മാണ വസ്തുവായ റബർപാലിന്റെ വില നിലം പൊത്തിയ നിലയിൽ തന്നെ. ലാറ്റക്സ് (റബർപാലിന് ) കിലോയ്ക്ക് 90 രൂപയിൽ താഴെയേ കർഷകനു ലഭിക്കുന്നുള്ളു. വൻകിട കമ്പനികൾ ഇന്ത്യൻ ലാറ്റക്സ് വാങ്ങുന്നില്ല. അധിക നികുതി ഉള്ളതിനാൽ ഇറക്കുമതിയും ചെയ്യുന്നില്ല.

ഈ സാഹചര്യത്തിൽ ഗ്ലൗസിന് ഡിമാൻഡ് കൂടിയതോടെ ലാറ്റക്സിന് വില കുതിച്ചുയരേണ്ടതാണ് . ഇന്ത്യൻ വിപണിയിൽ നിന്ന് ലാറ്റക്സ് വാങ്ങി കർഷകർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാവുന്ന അനുകൂല സാഹചര്യം ഇന്ത്യൻ കമ്പനികൾ ഇല്ലാതാക്കി. ഒപ്പം ഇറക്കുമതി ഗ്ലൗസിന് വില കൂട്ടി കൊവിഡ് ഭീതിയിൽ കഴിയുന്ന സാധാരണക്കാരെ കൊള്ളയടിക്കുകയും ചെയ്യുന്നു.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരായിരുന്നു ഗ്ലൗസ് കൂടുതൽ ഉപയോഗിച്ചിരുന്നത്. കൊവിഡ് വ്യാപകമായതോടെ ബസുകളിൽ യാത്ര ചെയ്യുന്നവർ, ജീവനക്കാർ, ഹോട്ടൽ, ബേക്കറി ജീവനക്കാർ, നോട്ട് കൈകാര്യം ചെയ്യുന്നവർ തുടങ്ങി തൊഴിലാളികളും ഉദ്യോഗസ്ഥരും സാധാരണക്കാരും വരെ ജോലി സമയം മുഴുവൻ ഗ്ലൗസ് ഉപയോഗിക്കാൻ നിർബന്ധിതരായി. സമരം നേരിടുന്ന പൊലീസുകാരും ഗ്ലൗസ് ധരിച്ചാണ് ഇറങ്ങുന്നത്. ഒരു പ്രാവശ്യം ഉപയോഗിച്ച ശേഷം നശിപ്പിച്ചു കളയേണ്ടതിനാൽ ഗ്ലാസ് ഉപയോഗം കൂടിയത് കമ്പനികൾക്ക് വൻ സാമ്പത്തിക നേട്ടവുമായി.

കള്ളക്കളി തടയാതെ സർക്കാർ

വിദേശത്തു നിന്ന് ഇറക്കുമതി ചെയ്താൽ ലാറ്റക്സിന് 70 ശതമാനം വരെ നികുതി നൽകണം. കേരളത്തിൽ ആവശ്യത്തിന് ലാറ്റക്സ് ഉണ്ടായിട്ടും അതു വാങ്ങി ഗ്ലൗസ് ഉണ്ടാക്കാൻ പൊതുമേഖലാസ്ഥാപനങ്ങൾ പോലും തയ്യാറാകുന്നില്ല . ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ആവശ്യവസ്തുവെന്ന നിലയിൽ ഗ്ലൗസ് ഇറക്കുമതിക്ക് നികുതിയില്ല. ഇക്കാരണത്താൽ വൻ തോതിൽ ഇറക്കുമതി ചെയ്ത് പല പേരിൽ റീ പാക്ക് ചെയ്തു വില കൂട്ടി വിൽക്കുകയാണ്. ഇതു തടയാൻ സർക്കാർ തലത്തിൽ സംവിധാനവുമില്ല.

ഗ്ലൗസ്

പഴയ വില: 6. 50 രൂപ

പുതിയ വില 9.50 രൂപ

ലാറ്റക്സിന് ഈടാക്കുന്നതു പോലെ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഗ്ലൗസിന് 70 ശതമാനം നികുതി ഈടാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും അവശ്യവസ്തുവിന് അധിക വില ഈടാക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കും പരാതി നൽകി.

എബി ഐപ്പ് , ജില്ലാ ജനറൽ സെക്രട്ടറി , കർഷക കോൺഗ്രസ്