ezha

പാലാ: ' കുഞ്ഞേട്ടാ, ഇത്തവണത്തെ വയലാർ അവാർഡ് എനിക്കാണ്. സന്തോഷം അറിയിക്കാൻ വിളിച്ചതാണ് ' ഇന്നലെ ഉച്ചയ്ക്ക് 12. 20 ന് തിരുവനന്തപുരത്തു നിന്ന് ഏഴാച്ചേരി മാമ്പുഴയ്ക്കൽ വീട്ടിലെ പി.ആർ. രഘുനാഥൻ നായർക്കെത്തിയ ഫോൺകോളിൽ കവിയുടെ സന്തോഷം നിറഞ്ഞു.

വിളിച്ചത് വയലാർ അവാർഡ് കിട്ടിയ ഏഴാച്ചേരി മാമ്പുഴയ്ക്കൽ വീട്ടിലെ 'ചന്ദ്രൻ ' എന്ന ഏഴാച്ചേരി രാമചന്ദ്രൻ. ഫോണെടുത്തത് രാമചന്ദ്രന്റെ ചേട്ടൻ.
ഇപ്പോൾ ശാരീരികമായി അൽപ്പം അവശതയുള്ള രഘുനാഥൻ നായരെ ദിവസം രണ്ടും മൂന്നും തവണ ഏഴാച്ചേരി വിളിക്കും. കഴിഞ്ഞ സെപ്തംബറിലാണ് രാമചന്ദ്രൻ ഒടുവിൽ കുടുംബസമേതം ജന്മനാട്ടിലെത്തിയത്. ജില്ലയിൽ എവിടെയെങ്കിലും പ്രസംഗത്തിനോ മറ്റു പരിപാടികൾക്കോ എത്തിയാൽ കുഞ്ഞേട്ടനെ കാണാൻ കണിശമായും കവി ഏഴാച്ചേരിയിൽ എത്തിയിരിക്കും.

മലയാളത്തിൽ എം. എ പാസ്സായി നിൽക്കുമ്പോൾ ഇ.എം.എസ്. ആണ് രാമചന്ദ്രനെ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ക്ഷണിക്കുന്നത്. 21ാം വയസ്സിൽ ഏഴാച്ചേരി വിട്ട രാമചന്ദ്രൻ പിന്നീട് ദീർഘകാലം ആലപ്പുഴയിലായിരുന്നു. മൂന്നു പതിറ്റാണ്ടായി തിരുവനന്തപുരത്ത് സ്ഥിര താമസം. ഇടയ്ക്ക് കുറേ നാൾ അമേരിക്കയിലായിരുന്നു.

രാമൻ നായർ- കാർത്യായനിയമ്മ ദമ്പതികളുടെ നാലു മക്കളിൽ ഇളയ ആളാണ് രാമചന്ദ്രൻ .

മലബാറിലുള്ള ഗോപിനാഥൻ നായർ , ഏഴാച്ചേരിയിലെ തറവാട്ടിലുള്ള രഘുനാഥൻ നായർ , പരേതയായ സാവിത്രിയമ്മ എന്നിവരാണ് സഹോദരങ്ങൾ. റോസമ്മയാണ് രാമചന്ദ്രന്റെ ഭാര്യ. ഈ വിപ്ളവ കവിയുടെ ഏകമകൾ നിഷയും മരുമകൻ കിരണും അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്.