അടിമാലി: കൊവിഡ് പ്രതിരോധം കണക്കിലെടുത്ത് 12 മുതൽ ഏഴ് ദിവസത്തേക്ക് ആനച്ചാൽ ടൗണിലെ പെട്രോൾ പമ്പും മെഡിക്കൽ സ്റ്റോറുകളും ഒഴികെയുള്ള മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിടാൻ വ്യാപാര സംഘടനകൾ തീരുമാനിച്ചു. ആനച്ചാൽ ടൗൺ കേന്ദ്രീകരിച്ച് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും മറ്റിടങ്ങളിൽ നിന്ന് ആളുകൾ കൂടുതലായി ആനച്ചാൽ ടൗണിലേക്കെത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ അടച്ചിടലിന് വ്യാപാര സംഘടനകൾ തീരുമാനമെടുത്തത്. ആളുകൾ ടൗണിലേക്കെത്തുന്നത് നിയന്ത്രിക്കാനായാൽ സമ്പർക്കവും രോഗവ്യാപനവും കുറക്കാനാകുമെന്നാണ് പ്രതീക്ഷ. തീരുമാനത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമതി ആനച്ചാൽ യൂണിറ്റ് സെക്രട്ടറി ടി.ആർ. സിജുവും വ്യാപാരി വ്യവസായി സമിതി ആനച്ചാൽ യൂണിറ്റ് പ്രസിഡന്റ് മനു തോമസും പറഞ്ഞു. അടുത്ത ദിവസം തന്നെ ആനച്ചാൽ ടൗൺ അണുവിമുക്തമാക്കും. അവശ്യ സാധനങ്ങൾ ആവശ്യപ്പെടുന്നവർക്ക് സ്ഥാപന ഉടമയുടെ ഉത്തരവാദിത്വത്തിൽ ഹോംഡെലിവറി നടത്താം. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബഹുജന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഓട്ടോ ടാക്സി ട്രേഡ് യൂണിയനുകളുടെയും സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യാപാര സംഘടനാ പ്രതിനിധികൾ അറിയിച്ചു.