അടിമാലി: അടിമാലി ബ്ലോക്ക് പഞ്ചായത്ത് 2016 17 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച സാനിട്ടറി കോംപ്ലക്സ് വർഷങ്ങൾ കഴിഞ്ഞിട്ടും പൊതുജനങ്ങൾക്കായി തുറന്നു നൽകാൻ നടപടിയില്ല. അടിമാലി പത്താം മൈലിൽ ദേശിയപാതയോരത്ത് വിനോദ സഞ്ചാരികൾക്കു കൂടി പ്രയോജനപ്പെടും വിധമായിരുന്നു ശൗചാലയം നിർമ്മിച്ചത്. എന്നാൽ നിർമ്മാണം പൂർത്തീകരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പൊതു ശൗചാലയത്തിന്റെ ഉദ്ഘാടനം നടത്തുന്നതിനോ പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നതിനോ നടപടി ഉണ്ടായിട്ടില്ല. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം കഴിഞ്ഞാൽ ചീയപ്പാറവെള്ളച്ചാട്ടത്തിന് സമീപമാണ് ഒരു പൊതുശൗചാലയമുള്ളത്. എന്നാൽ ചീയപ്പാറയിലെ സഞ്ചാരികളുടെ ബാഹുല്യം പലപ്പോഴും പൊതുശൗചാലയത്തിൽ വലിയ തിരക്കിനിടയാക്കാറുണ്ട്. അടിമാലി ബസ് സ്റ്റാൻഡിലെ പൊതുശൗചാലയം ഒഴിച്ചാൽ മൂന്നാർ എത്തുന്നിടം വരെ ദേശീയപാതയിലെവിടെയും പൊതു ശൗചാലയങ്ങൾ ഇല്ലെന്നത് പണിപൂർത്തീകരിച്ച പത്താം മൈലിലെ സാനിട്ടറി കോപ്ലക്സ് തുറന്നു നൽകേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. വിനോദ സഞ്ചാരികൾക്ക് പുറമേ ദേവിയാർ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികളെ കൂടി പരിഗണിച്ചായിരുന്നു ശൗചാലയത്തിന്റെ നിർമ്മാണ ജോലികൾ നടത്തിയത്. നിർമ്മാണം പൂർത്തീകരിച്ചിട്ടും നാളുകളായി സാനിട്ടറി കോംപ്ലക്സ് അടഞ്ഞ് കിടക്കുന്നത് വലിയ അമർഷത്തിന് ഇടയാക്കുന്നുണ്ട്.