അടിമാലി: അടിമാലിയിൽ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ അനുവദിക്കണമെന്ന ആവശ്യത്തിന് വീണ്ടും കരുത്താർജ്ജിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ പ്രവേശന കവാടം കൂടിയായ അടിമാലിയിലൂടെ നിരവധി ദീർഘദൂര കെ.എസ്. ആർ.ടി.സി ബസുകൾ കടന്നു പോകുന്നുണ്ട്. എന്നാൽ ടൗണിലെത്തുന്നവർക്ക് ഈ ബസുകളുടെ സമയക്രമം തിരക്കാൻ പോലും നിലവിൽ സൗകര്യമില്ല. അടിമാലി കേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ അനുവദിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. നിവേദനങ്ങൾ പലത് സമർപ്പിച്ചിട്ടും അവഗണന തുടരുന്നുവെന്ന ആരോപണം നിലനിൽക്കുകയാണ്. അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് കെ.എസ്.ആർ.ടി.സി ബസുകൾക്കും പാർക്കിംഗ് അനുവദിച്ചിട്ടുള്ളത്. കൊവിഡ് കാലത്തിന് മുമ്പുവരെ നൂറിന് മുകളിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ അടിമാലി വഴിയുണ്ടായിരുന്നു. ജില്ലയിലെ പ്രധാന ടൗണുകളിൽ ഒന്നെന്ന പരിഗണനയിൽ അടിമാലിക്ക് എത്രയും വേഗം കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ അനുവദിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾക്കും യാത്രക്കാർക്കുമുള്ളത്.