
സ്ത്രീകൾക്കൊപ്പം നിറുത്തി ഫോട്ടോ എടുപ്പിച്ച ശേഷം അതു പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിലിലൂടെ പണം തട്ടുന്ന ഗുണ്ടാ സംഘങ്ങൾ കോട്ടയത്ത് പെരുകിയിട്ടും ഇതിന് തടയിടാൻ കഴിയുന്നില്ലെന്ന് മാത്രമല്ല ഹണിട്രാപ്പിന് പൊലീസും ചൂട്ടു പിടിക്കുകയാണെന്നാണ് ചുറ്റുവട്ടത്തുള്ളവരുടെ പരാതി. സ്ത്രീ വിഷയത്തിൽ അല്പസ്വല്പം താത്പര്യമുള്ളവരെ വീഴ്ത്താൻ പറ്റിയ തന്ത്രമാണ് തേൻ കുരുക്ക് അഥവാ ഹണി ട്രാപ്പ്. പഴയ സ്വർണം വാങ്ങി വിൽക്കുന്ന വ്യാപാരിയാണ് അവസാനം ഈ ട്രാപ്പിൽ കുടുങ്ങിയത്. പഴയ സ്വർണം വലിയ അളവിൽ വിൽക്കാനുണ്ട്. സ്വർണം നോക്കാൻ വരേണ്ട വീടിന്റെ റൂട്ട് മാപ്പ് വരെ ഫോണിലൂടെ പറയുന്നത് മിക്കവാറും കാഴ്ചയിൽ സുന്ദരിയെന്ന് തോന്നിപ്പിക്കുന്ന കിളി മൊഴി ശബ്ദമാകും.
വണ്ടി പിടിച്ച് പറഞ്ഞ സ്ഥലത്തെത്തുമ്പോൾ സുന്ദരി ഇറങ്ങി വരും വീടിനുള്ളിലേക്ക് ചെല്ലുമ്പോൾ ഗുണ്ടാ സംഘമായിരിക്കും സ്വീകരിക്കുക. ആദ്യമേ രണ്ട് അടി കൊടുത്തു ഭയപ്പെടുത്തും. പിന്നെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി അർദ്ധനഗ്നയായ സുന്ദരിക്കൊപ്പം നിറുത്തി ഫോട്ടോയും വീഡിയോയും എടുക്കും. സഹകരിക്കുന്നില്ലെങ്കിൽ വീണ്ടും മർദ്ദിക്കും. ആവശ്യപ്പെടുന്ന പണം നൽകുന്നില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി. ആറ് ലക്ഷം രൂപയാണ് സ്വർണവ്യാപാരിയോട് ആവശ്യപ്പെട്ടത്. അഡ്വാൻസായി രണ്ടു ലക്ഷം രൂപയും ആവശ്യപ്പെട്ടു.
ഭാര്യയുടെ സ്വർണ പണയംവച്ച് അഡ്വാൻസ് തുക കൊടുത്ത വ്യാപാരി ബ്ലാക്ക് മെയിൽ വിവരം ഭാര്യയോട് പറഞ്ഞു. പൊലീസിൽ പരാതിപ്പെടാൻ ഭാര്യയാണ് നിർദ്ദേശിച്ചത്.
അന്വേഷണത്തിൽ രണ്ട് പേരെ പിടികൂടി. ഇനിയും കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്. അറസ്റ്റിലായവരിൽ ഒരാൾ പണംവച്ചുള്ള ചീട്ടുകളി സംഘത്തിൽപ്പെട്ടയാളെന്ന് കണ്ടെത്തിയതോടെ മണർകാട് വലിയ പൊലീസ് ഏമാന്മാർ ലക്ഷങ്ങൾ മാസപ്പടി വാങ്ങിയെന്ന ആരോപണം ഉയർന്ന വിവാദമായ ചീട്ടുകളി സംഘത്തിന് ഹണി ട്രാപ്പിൽ പങ്കുണ്ടെന്ന ആരോപണവും ശക്തമായി. ഇതാദ്യമല്ല കോട്ടയത്ത് ഹണിട്രാപ്പ് നടക്കുന്നതും പ്രതികളെ അറസ്റ്റു ചെയ്യുന്നതും. പല പ്രമുഖരുടെയും ലക്ഷങ്ങളും പോയി നല്ല അടിയും കിട്ടി. നാണക്കേട് കാരണം പലരും കേസിന് പോകുന്നില്ല. ലൈംഗിക തൊഴിലാളികളെ തേടി പോകുന്നവരെ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർമാർ സ്ഥലത്തെത്തിച്ച് അടി കൊടുത്തു പണം തട്ടുന്നത് സ്ഥിരം സംഭവമാണ്. അന്യസംസ്ഥാന തൊഴിലാളികളാണ് കെണിയിൽപ്പെടുന്നവരിൽ ഏറെയും. ഗുണ്ടാലിസ്റ്റിൽ പെടുത്തേണ്ട ഇത്തരം ഓട്ടോഡ്രൈവർമാരെക്കുറിച്ച് കൃത്യമായ വിവരം പൊലീസിന് ഉണ്ടെങ്കിലും പലപ്പോഴും നടപടി എടുക്കാറില്ല. കൃത്യമായ പണം ഗുണ്ടാ ക്വട്ടേഷൻ സംഘത്തിൽ നിന്ന് പൊലീസിനും ലഭിക്കുന്നുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമായതിനാൽ ആരും നിഷേധിക്കാറുമില്ല. കോഴിയെ കുറുക്കന് കാവലേൽപ്പിച്ച പോലത്തെ ഏർപ്പാടാണെങ്കിൽ ഹണി ട്രാപ്പ് എങ്ങനെ കുറയും?