അടിമാലി: ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ 14 വരെ സമർപ്പിക്കാം. ജില്ലയിൽ വി.എച്ച്.എസ്.ഇ.യിൽ 324 സീറ്റുകളും ഹയർ സെക്കൻഡറിയിൽ 1979 ഒഴിവുകളുമാണുള്ളത്. സ്‌കൂളുകൾ തിരിച്ചുള്ള ഒഴിവുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഖ്യ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ, അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർ, തെറ്റായ വിവരം നൽകി അപേക്ഷ നിരാകരിക്കപ്പെട്ടവർ എന്നിവർക്ക് അപേക്ഷ പുതുക്കാൻ സൗകര്യം ലഭിക്കും. കൂടാതെ ഇതുവരെ അപേക്ഷിക്കാതെ ഇരുന്നവർ, സേ പരീക്ഷാ ഫലം വഴി വിജയിച്ചിട്ടുള്ളവർ എന്നിവർക്കും പുതിയതായി അപേക്ഷ നൽകാൻ അവസരം ഉണ്ട്. മുഖ്യഅലോട്ട്‌മെന്റിൽ കുട്ടികൾ അപേക്ഷ പുതുക്കുന്നതിന് ക്യാൻഡിഡേറ്റ് ലോഗിനിൽ എഡിറ്റ്/ റിന്യൂ എന്ന ലിങ്കിലൂടെ അപേക്ഷ നൽകണം. ഇതുവരെ അപേക്ഷിക്കാത്തവർ അപ്ലൈ ഓൺലൈൻ എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ രാജകുമാരി ജി.വി.എച്ച്.എസ്.എസ് 88 സീറ്റുകളും തട്ടക്കുഴ ജി.വി.എച്ച്.എസ്.എസ് 41 സീറ്റുകളുമാണ് കൂടുതൽ ഒഴിവുള്ള സ്‌കൂൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ വെള്ളത്തൂവൽ ജി.എച്ച്.എസ്.എസ് 62 സീറ്റുകൾ, ദേവികുളം ജി.എച്ച്.എസ്.എസ് 57, കുഞ്ചിത്തണ്ണി ജി.എച്ച്.എസ്.എസ് 32, പണിക്കൻകുടി ജി.എച്ച്.എസ്.എസ് 38 എന്നീ ക്രമത്തിൽ നിരവധി ഒഴിവുകളാണ് ജില്ലയിലെ സ്‌കൂളുകളിലുള്ളത്.