കട്ടപ്പന: കട്ടപ്പനയിലെ ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്ത് മാലിന്യം കത്തിക്കുന്നതായി ആക്ഷേപം. സമുച്ചയത്തിന്റെ പരിസരത്ത് വൻതോതിൽ മാലിന്യം കുന്നുകൂടുന്നതിനു പുറമേയാണ് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത്. ഇവിടത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യത്തിനു പുറമേ, പുറത്തുനിന്നും മാലിന്യം തള്ളുന്നുണ്ട്. എന്നാൽ മാലിന്യ നിർമാർജനത്തിനു ഭവന നിർമാണ ബോർഡ് സഹകരിക്കുന്നില്ലെന്നാണ് നഗരസഭയുടെ ആരോപണം. ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസം നിയമവിരുദ്ധമായി മാലിന്യം കത്തിച്ചത്. ജൈവ മാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നതിനാൽ കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാണ്. അമ്പതിൽപ്പരം സ്ഥാപനങ്ങളാണ് ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്നത്. ഭവന നിർമാണ ബോർഡിന്റെ ഉടമസ്ഥതയിലുള്ളതായതിനാൽ ഇവിടത്തെ മാലിന്യം നഗരസഭ ശേഖരിച്ച് നിർമാർജനം ചെയ്യണമെങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ മാലിന്യ നിർമാർജനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കണം. നഗരസഭയുടെ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാണെന്ന് വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. ഭവന നിർമാണ ബോർഡ് അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ പിഴ ഈടാക്കൽ അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി പറഞ്ഞു.