police

കോട്ടയം : കൊവിഡ് ഡ്യൂട്ടി, സമര പ്രതിരോധം, ടാർഗറ്റ് തികയ്ക്കാനുള്ള തീവ്ര പരിശോധന... സ്റ്റേഷൻ കേസുകളും കുറ്റകൃത്യങ്ങളുടെ അന്വേഷണവും.കൊവിഡ് പോസിറ്റീവായി അവധിയെടുക്കുന്നവരുടെയും ക്വാറന്റൈനിൽ പോകുന്നവരുടെയും എണ്ണമേറുമ്പോഴും വർദ്ധിക്കുന്ന ജോലിഭാരത്താൽ വലയുകയാണ് പൊലീസുകാർ.

കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടങ്ങളിൽ ക്വാറന്റൈനിലായിരുന്നവരെ ദിവസം പല തവണ സ്ഥലത്തെത്തി നിരീക്ഷിക്കാൻ നിർദേശമുണ്ടായിരുന്നു. രണ്ടു പൊലീസുകാർ വീതമാണ് പോയത്. മിക്കവരും കൈയിൽനിന്ന് ഇന്ധനച്ചെലവുൾപ്പെടെ കണ്ടെത്തിയാണ് ഡ്യൂട്ടി ചെയ്തത്. ഇവർക്കാർക്കും ചെലവായ തുക തിരികെക്കിട്ടിയിട്ടില്ല. കണ്ടെയ്ൻമെന്റ് സോണുകളിലുൾപ്പെടെ തുടർച്ചയായി ജോലി നോക്കുന്ന പൊലീസുകാരിലേറെയും കൊവിഡ് ഭീതിയിലാണ്. ആൾക്ഷാമം മൂലം മുൻപത്തേക്കാൾ കൂടുതൽ സമയം തുടർച്ചയായി ജോലി നോക്കേണ്ട ഗതികേടിലാണ് ഇവർ.

സമരം പണിയായി

സമരകോലാഹലം തുടങ്ങിയതോടെയാണ് സ്ഥിതി പരിതാപകരമായതെന്നാണ് പൊലീസുകാരുടെ പരാതി. ശാരീരിക സമ്പർക്കം ഉണ്ടാകുന്ന തരത്തിലുള്ള സമരമുറകൾ ഒഴിവാക്കേണ്ടിയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു.

മണ്ഡലകാലം: ആൾക്ഷാമം രൂക്ഷമാകും

ശബരിമല സീസൺ തുടങ്ങുന്നതോടെ സ്ഥിതി സങ്കീർണമാകുമെന്ന ആശങ്കയിലാണ് പൊലീസുകാർ. വിവിധ സ്റ്റേഷനുകളിൽ നിന്ന് ശബരിമല ഡ്യൂട്ടിക്കായി പോകുന്നതോടെ ആൾക്ഷാമം രൂക്ഷമാകും. നിലവിലെ സാഹചര്യത്തിൽ ശബരിമല ഡ്യൂട്ടി അപകടകരമാകുമെന്ന ആശങ്കയുമുണ്ട്.

പരിശോധന കൂട്ടണം

പൊലീസ് ക്യാമ്പുകളിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നു ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. മൂന്നു ദിവസത്തിലൊരിക്കലെങ്കിലും ക്യാമ്പുകൾ അണുവിമുക്തമാക്കണമെന്നും സുരക്ഷിതത്വ പ്രശ്‌നങ്ങൾ പരിഗണിച്ച് ശബരിമല ഡ്യൂട്ടി ഒഴിവാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ടാർഗറ്റ് തികയ്ക്കണം; കണ്ടെയ്ൻമെന്റ് ആയാലും

പെറ്റിക്കേസുകൾ പിടിക്കുന്നതിനു ടാർഗറ്റ് നിർബന്ധമാക്കിയതോടെ കണ്ടെയ്ൻമെന്റ് സോണിലുള്ളവരെയും പരിശോധിക്കുകയാണ് പൊലീസുകാർ. ദിവസവും കുറഞ്ഞത് 100 പെറ്റിക്കേസുകൾ പിടിക്കണമെന്നതാണ് നിർദേശം.