ayma

കോട്ടയം: അയ്മനം ജയന്തിക്കവലയിലെ ഇൻഡോർ മിനി സ്റ്റേഡിയം കോംപ്ലക്‌സിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേയ്ക്ക്. സ്റ്റേഡിയം യാഥാർത്ഥ്യമാകുമ്പോൾ കായിക സ്വപ്നങ്ങൾക്ക് ചിറക്മുളയ്ക്കുന്നതിനൊപ്പം പ്രളയ ഭീഷണിയുള്ള അയ്മനത്ത് പുനരധിവാസ ക്യാമ്പായും സ്റ്റേഡിയം ഉപയോഗിക്കാം.

ഈ മാസം അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടുരുന്നത്. എന്നാൽ കൊവിഡും ലോക്ക്ഡൗണും തടസമായി. എങ്കിലും അടുത്തമാസത്തോടെ പണി പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ. കിഫ്ബിയിൽ നിന്ന് ലഭിച്ച ഫണ്ടിൽ കായികയുവജനകാര്യ വകുപ്പ് എൻജിനിയറിംഗ് വിഭാഗത്തിന്റെ സാങ്കേതിക മേൽനോട്ടത്തിൽ കിറ്റ്‌കോ ലിമിറ്റഡിനാണ് നിർമാണച്ചുമതല.

പ്രത്യേകതകൾ
സ്റ്റേഡിയത്തിൽ രണ്ട് ബാഡ്മിന്റൺ കോർട്ടുകൾ, ഒരു വോളിബോൾ കോർട്ട്, സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ചെയ്ഞ്ച് റൂമുകൾ, ഓഫീസ് റൂം, ശൗചാലയങ്ങൾ, ലോക്കർ സൗകര്യം, ഇലക്ട്രിക്കൽ റൂം, ജലവിതരണ വൈദ്യുതിവിതരണ സൗകര്യങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ജിംനേഷ്യം എന്നിവ ഉണ്ടാകും. സുരേഷ് കുറുപ്പ് എം.എൽ.എ.യുടെ ശ്രമഫലമായാണ് അയ്മനത്ത് സ്റ്റേഡിയം ഉയരുന്നത്. സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 25 മിനി സ്റ്റേഡിയത്തിൽ ഒന്നാണിത്. കായികരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാനായി 17 വർഷങ്ങൾക്ക് മുൻപാണ് പഞ്ചായത്ത് അധികൃതർ ജയന്തിക്കവലയിലെ അയ്മനം ചാമത്തറ റോഡരികിലെ സ്ഥലം വാങ്ങിയത്.

അയ്മനം പഞ്ചായത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുന്ന പദ്ധതിയാണ് ഇൻഡോർ സ്റ്റേഡിയം. യുവാക്കളുടെ ആരോഗ്യത്തിലുള്ള കരുതൽ കൂടിയാണ് സ്റ്റേഡിയത്തിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പ്രളയ കാലത്ത് സ്റ്റേഡിയം പുനരധിവാസ ക്യാമ്പായിക്കൂടി പ്രയോജനപ്പെടുത്താൻ കഴിയും'' എ.കെ.ആലിച്ചൻ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ്

15,000 ചതുരശ്രയടി വിസ്തീർണം