
വാകത്താനം: കാറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. വാകത്താനം ഇരുവുചിറ പൊയ്കയിൽ വീട്ടിൽ ഷെല്ലി ചെറിയാൻ (31) കളമശ്ശേരി കുറ്റിയിൽ വീട്ടിൽ സാം ബാബു (20) വാകത്താനം ഇരവുചിറ താകുളം വീട്ടിൽ ജോമോൻ മാത്യു (29) എന്നിവരയൊണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും വാകത്താനം പൊലീസും ചേർന്ന് പിടികൂടിയത്. തോട്ടയ്ക്കാട്, കറുകച്ചാൽ ഭാഗങ്ങളിൽ ഷെല്ലി ചെറിയാൻ കഞ്ചാവ് കച്ചവടം നടത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി വിനോദ് പിള്ളയുടെ നിർദ്ദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങൾ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കഞ്ചാവ് വാങ്ങുന്നതിനായി ഇയാൾ തൃശൂരിലേക്ക് പോയതായി സൂചന ലഭിച്ചതിനെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. കഞ്ചാവ് കച്ചവടത്തിൽ ലഭിക്കുന്ന തുക ആർഭാട ജീവിതത്തിനാണ് ഇവർ ചിലവഴിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഷെല്ലി കാർ വാങ്ങിയിരുന്നു ഇതിൽ കറങ്ങിനടന്നായിരുന്നു കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സാം സാബു ഇയാളുടെ ഭാര്യ സഹോദരനാണ്. വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമായിരുന്നു കഞ്ചാവ് വിറ്റിരുന്നത്. ഇവരിൽ നിന്നും 650 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കാറും കസ്റ്റഡിയിലെടുത്തു.ചങ്ങനാശേരി ഡി.വൈ.എസ്.പി വി.ജെ ജോഫിയുടെ നിർദ്ദേശപ്രകാരം വാകത്താനം എസ്.എച്ച്.ഒ തോംസൺ കെ.പി, എസ്.ഐമാരായ പി.ജെ മാത്യൂ, കോളിൻസ്, എ.എസ്.ഐമാരായ ജേക്കബ് ജോയി, ബിജു എബ്രഹാം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാർ കെ.ആർ, അരുൺ.എസ്, തോംസൺ കെ.മാത്യു, ശ്രീജിത് ബി.നായർ, അനീഷ് വി.കെ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.