
കോട്ടയം : കൊവിഡ് കാലത്തിന് ശേഷം ജില്ലയിൽ വാഹനാപകടങ്ങൾ കുറഞ്ഞതായി മോട്ടോർവാഹന വകുപ്പ്. ജില്ലാ ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ് ഇതിന് അടിസ്ഥാനം. ആഗസ്റ്റ്, സെപ്
തംബർ മാസങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അപകട മരണങ്ങൾ പകുതിയായി കുറഞ്ഞു. ജൂൺ, ജൂലായ് മാസങ്ങളിൽ ജില്ലയിൽ അപകടങ്ങൾ വർദ്ധിച്ചിരുന്നു. ഇതിൽ 70 ശതമാനവും ഇരുചക്ര വാഹനങ്ങളായിരുന്നു. തുടർന്ന് വാഹന പരിശോധന ശക്തമാക്കി. ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർ ഹെൽമറ്റും കാർ യാത്രക്കാർ സീറ്റ് ബെൽറ്റും ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ആഗസ്റ്റ് ,സെപ്തംബർ മാസങ്ങളിൽ നടത്തിയ വാഹനപരിശോധനയിൽ ആകെ 10500 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 66 ശതമാനം വരുന്ന 6936 കേസുകളും ഹെൽമറ്റ് ധരിക്കാത്തതിന് രജിസ്റ്റർ ചെയ്തതാണ്.
അപകടം കുറഞ്ഞതിങ്ങനെ
2019 ആഗസ്റ്റിൽ 183 അപകടങ്ങളും 27 മരണവും ഉണ്ടായപ്പോൾ ഈ ആഗസ്റ്റിൽ 138 അപകടങ്ങളും 14 മരണവുമാണുണ്ടായത്. ജൂൺ, ജൂലായ് മാസത്തിലെ അപകടമരണങ്ങളിൽ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. ഇ-പോസ് മെഷീനുകളും സ്പീഡ് കാമറകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളും ഉപയോഗിച്ചതാണ് പ്രയോജനപ്പെട്ടത്.
കർശന പരിശോധന
മൂന്നു വർഷമായി ജില്ലയിൽ കൂടുതൽ അപകടങ്ങളുണ്ടായ സ്ഥലങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിരുന്നു. ഇതാണ് അപകടം കുറയ്ക്കാൻ സാധിച്ചത്. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുക, ഹെഡ് ലൈറ്റ് ഡിം ചെയ്യാതിരിക്കുക, റോഡിന്റെ വെർച്വൽ മീഡിയൻ (2 വെള്ള വരകൾ) അപകടകരമായി മറികടക്കുക തുടങ്ങിയവ സംബന്ധിച്ച പരിശോധനകളും വരും ദിവസങ്ങളിൽ തുടരും.
ടോജോ എം.തോമസ്, ആർ.ടി.ഒ
എൻഫോഴ്‌സ്‌മെന്റ്, കോട്ടയം