
പൊൻകുന്നം : മലയാളസിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ ഒരു സിനിമാകൊട്ടക ഉണ്ടായിരുന്നു പൊൻകുന്നത്ത്. പൊൻകുന്നം ദാസൻ ടാക്കീസ്. കൊവിഡ് മഹാമാരി തിയേറ്ററുകളുടെ വാതിലുകൾ അടച്ചുപൂട്ടിയപ്പോൾ മലനാടിന്റെ മക്കൾ അഭിമാനത്തോടെ ഓർത്തെടുക്കുകയാണ് ദാസൻ ടാക്കീസിന്റെ ചരിത്രം. 1952ലായിരുന്നു തുടക്കം. ആദ്യചിത്രംമലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റായ ജീവിതനൗക.
ഉദ്ഘാടനം ചെയ്തത് കൊട്ടാരം നർത്തകികളും അന്നത്തെ ഏറ്റവും താരത്തിളക്കമുള്ള സിനിമാതാരങ്ങളുമായ ലളിത പത്മിനി രാഗിണിമാർ. ആ ഉദ്ഘാടനമാമാങ്കം എത്ര ഗംഭീരമായിരുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. പൊൻകുന്നം തോട്ടുങ്കൽ ആന്റണി പടുത്തുയർത്തിയ ദാസൻ ടാക്കീസ് അന്ന് കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ആയിരുന്നു. 1200 ൽ പരം സീറ്റുകൾ. കോൺക്രീറ്റ് ബാൽക്കണിയും നാലുനില കെട്ടിടത്തിന്റെ ഉയരവും.ഇത്രയും തലയെടുപ്പുളള ഒരു സിനിമ കൊട്ടക അന്ന് കേരളത്തിൽ വേറെയില്ലായിരുന്നു.1965ൽ ദാസൻ ടാക്കീസ് തോട്ടുങ്കൽ ആന്റണി കൈമാറി.കോട്ടയം തിരുവാതുക്കൽ അറയ്ക്കൽ ചന്ദ്രൻ തിയേറ്റർ ഏറ്റെടുതതോടെ ദാസൻ ടാക്കീസ് ശ്രീകൃഷ്ണാ ടാക്കീസ് ആയിമാറി. പിന്നീട് മൂന്നര പതിറ്റാണ്ടുകാലം ശ്രീകൃഷ്ണ കിഴക്കൻ കേരളത്തിലെ സിനിമാപ്രേമികളുടെ ആശ്രയകേന്ദ്രമായിരുന്നു.ഓണം, വിഷു,ക്രിസ്മസ്, റംസാൻ തുടങ്ങിയ വിശേഷനാളുകളിൽ സ്പെഷ്യൽഷോ അടക്കം ഹൗസ് ഫുൾ ആകുന്ന പ്രദർശനങ്ങൾ.
മിന്നിത്തിളങ്ങി അരനൂറ്റാണ്ട്
മലയാളസിനിമയുടെ കഷ്ടകാലസമയത്ത് കേരളത്തിലെ തിയേറ്ററുകൾ ഓരോന്നായി അടച്ചുപൂട്ടിയപ്പോൾ ശ്രീകൃഷ്ണാ ടാക്കീസിനും പിടിച്ചുനിൽക്കാനായില്ല. 1952 മുതൽ 2000 വരെ അരനൂറ്റാണ്ടുകാലത്തോളം മിന്നിത്തിളങ്ങിയ വെള്ളിത്തിര മിഴിയടച്ചു. പിന്നീട് ആ മഹാസൗധം പൊളിച്ചുനീക്കിയെങ്കിലം അന്നത്തെ ചലച്ചിത്ര പ്രേമികളിൽ ഗതകാല സ്മരണകളുണർത്തുന്ന കാഴ്ചയായി ടിക്കറ്റ് കൗണ്ടറും പ്രധാന കവാടവും മതിൽക്കെട്ടും ഇപ്പോഴും അവിടെ കാണാം.