jose

കോട്ടയം: പാലാ സീറ്റ് വിട്ടു കൊടുക്കുന്നതിന് മാണി സി.കാപ്പൻ ഉടക്കിട്ടതോടെ, ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശനത്തിന് തുടക്കത്തിലെ കല്ലു കടിയായി. .

എംഎൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത്തിന്റെ ഒന്നാം വാർഷികത്തിൽ ,പാലാ സീറ്റ് മോഹിച്ച് ജോസ് ഇടതു മുന്നണിയിലേക്ക് വരേണ്ടെന്ന് മാണി സി.കാപ്പൻ പരസ്യ പ്രഖ്യാപനം നടത്തി.അടുത്ത തിരഞ്ഞെടുപ്പിലും ഇവിടെ മത്സരിക്കും.. പാലാ വിട്ടു കൊടുക്കാൻ എൽ.ഡി.എഫ് പറയുമെന്നും വിശ്വസിക്കുന്നില്ല. മൂന്നു തവണ പരാജയപ്പെട്ട ശേഷം നേടിയതാണ് പാലാ. അത് ഞാൻ പരാജയപ്പെടുത്തിയ പാർട്ടിക്ക് വിട്ടു നൽകണമെന്ന് എങ്ങനെ പറയാൻ കഴിയും-കാപ്പൻ ചോദിക്കുന്നു.

അതിനിടെ, പാലാക്കു പകരം പൂഞ്ഞാർ സീറ്റ്,അല്ലെങ്കിൽ ജോസ് ഒഴിഞ്ഞാൽ പകരം രാജ്യസഭാ സീറ്റ് കാപ്പന് സി.പി.എം വാഗ്ദാനം ചെയ്തുവെന്ന പ്രചാരണമുണ്ട്. ആരുടെയും ഔദാര്യത്തിൽ രാജ്യസഭയിലേക്കില്ലെന്നാണ് ഇതേക്കുറിച്ച് കാപ്പന്റെ പ്രതികരണം . കാപ്പനിൽ നിന്നും പാലാ സീറ്റ് പിടിച്ച് വാങ്ങിയാൽ ഇടതു മുന്നണിയിലും അത് പ്രശ്നമായോക്കാം. ഉന്നത കോൺഗ്രസ് നേതാക്കൾ കാപ്പനുമായി ബന്ധപ്പെട്ടതായറിയുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ജോസിനെതിരെ കാപ്പനെ മത്സരിപ്പിക്കാമെന്ന വാഗ്ദാനം വരെ ഉണ്ടായെന്നാണ് കാപ്പനുമായി അടുപ്പമുള്ളവർ സൂചിപ്പിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം കാലു വാരിയതിലൂടെ നഷ്ടപ്പെട്ട പാലാ മണ്ഡലം കെ.എം.മാണിയുടെ പിന്തുടർച്ച അവകാശപ്പെട്ട് തിരിച്ചു പിടിക്കേണ്ടത് ജോസ് കെ. മാണിയുടെ പ്രസ്റ്റീജാണ്. മാണി അര നൂറ്റാണ്ടായി കൈയ്യിൽ വച്ച പാലാ സീറ്റിൽ അട്ടിമറി ജയം നേടിയ കാപ്പനെ സി.പി.എമ്മിന് വെറുതെ തള്ളിക്കളയാനുമാവില്ല. ചുരുങ്ങിയ കാലം കൊണ്ട് മണ്ഡലത്തിൽ കൊണ്ടുവന്ന വികസന പദ്ധതികളിലൂടെ കാപ്പൻ കൂടുതൽ ജനകീയനാവുകയും ചെയ്തു. .