kumayam

പരമ്പരാഗത കുമ്മായ നിർമ്മാണ തൊഴിലാളികൾ ദുരിതത്തിൽ
ലക്ഷകണക്കിന് രൂപയുടെ കുമ്മായം കെട്ടിക്കിടക്കുന്നു

കോട്ടയം: വേമ്പനാട് കായലിൽ നിന്ന് കക്കാ ശേഖരിച്ച് കുമ്മായം നിർമ്മിക്കുന്ന പരമ്പരാഗത തൊഴിലാളികൾ ദുരിതത്തിൽ. സഹകരണബാങ്കുകൾ ഉൾപ്പെടെ സ്വകാര്യഫാക്ടറികളിൽ നിന്ന് കുമ്മായം വാങ്ങുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കുമരകത്തെ പരമ്പരാഗത കുമ്മായ വ്യവസായ സഹകരണ സംഘത്തിലെ തൊഴിലാളികൾ ഉൾപ്പെടെ ഇതുമൂലം വലയുകയാണ്. 150ൽ പരം തൊഴിലാളികൾ പ്രത്യക്ഷമായും 1000 ത്തിൽപരം തൊഴിലാളികൾ പരോക്ഷമായും കുമരകത്തെ പരമ്പരാഗത കുമ്മായ വ്യവസായ സഹകരണ സംഘത്തിൽ ജോലിചെയ്യുന്നുണ്ട്. ഉൽപ്പാദനം നടക്കുന്നുണ്ടെങ്കിലും കുമ്മായം വാങ്ങാൻ ആളില്ലെന്ന സ്ഥിതിയാണ്. കൃഷി ആവശ്യത്തിന് കുമ്മായം വിതരണം ചെയ്തിരുന്ന സംഘത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കുമ്മായമാണ് കെട്ടിക്കിടക്കുന്നത്. സഹകരണ ബാങ്കുകൾ വഴിയാണ് കൃഷി ആവശ്യത്തിനായി കർഷകർക്ക് കുമ്മായം വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ വിതരണം ചെയ്യുന്ന കുമ്മായം സർവീസ് സഹകരണ ബാങ്കുകൾ സ്വകാര്യ ഫാക്ടറികളിൽ നിന്നാണ് വിതരണത്തിന് എത്തിക്കുന്നത്.

വിലക്കുറവ് വില്ലൻ

അസംസ്‌കൃത വസ്തുക്കൾ ചേർക്കുന്ന കുമ്മായത്തിന് വിലക്കുറവാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന കുമ്മായത്തിന് 120, 125 രൂപയും സഹകരണ സംഘത്തിൽ നിന്നും വാങ്ങുന്ന കുമ്മായത്തിന് നികുതി ഉൾപ്പെടെ 135 രൂപയാണ് വില. വിലയിലുള്ള കുറവാണ് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കുമ്മായം വാങ്ങാൻ സഹകരണ ബാങ്കുകളെ പ്രേരിപ്പിക്കുന്നത്.സർവീസ് സഹകരണ ബാങ്കുകൾക്ക് പുറമേ ഇടുക്കിയിലെ ഏലം കർഷകരും കുമ്മായം വാങ്ങുന്നുണ്ട്. ഏപ്രിൽ, മെയ്, ജൂൺ, ജൂലായ് മാസങ്ങളിലാണ് കുമ്മായം ഉപയോഗിക്കുന്നത്. ബാക്കിയുള്ള സീസണിൽ നെൽകൃഷിക്കായാണ് കുമ്മായം വാങ്ങുന്നത്. എന്നാൽ ഇതുകൊണ്ട് മാത്രം പരമ്പരാഗത കുമ്മായ നിർമ്മാണ സംഘത്തിന് പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല.

വലിയ പ്രതിസന്ധി

ഒരു സർവീസ് സഹകരണ ബാങ്ക് മാത്രമമാണ് സഹകരണ സംഘങ്ങളിൽ നിന്നും കുമ്മായം വാങ്ങുന്നത്. സർക്കാരിൽ നിന്ന് വർഷാവർഷം കർഷക സംഘങ്ങൾക്ക് ഗ്രാന്റ് അനുവദിക്കുന്നുണ്ട്. എന്നാൽ നാളിതുവരെയായി സർക്കാരിൽനിന്ന് ഒരു ആനുകൂല്യവും കുമ്മായ സംഘങ്ങൾക്ക് ലഭിച്ചിട്ടില്ല.


കുമ്മായ സംഘങ്ങൾക്ക് ഗ്രാന്റ്, പുനരധിവാസ പാക്കേജ് തുടങ്ങിയവ അനുവദിക്കണം. വ്യവസായ വകുപ്പിന്റെ കീഴിലാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. കുമ്മായം വാങ്ങുന്നതിന് കൃഷിവകുപ്പ് ഇടപെടണം.

(വി.എസ് സുധീർ, സംഘം സെക്രട്ടറി,കുമരകം)