പാലാ:നാലര പതിറ്റാണ്ട് മുമ്പ് വയലാർ രാമവർമ്മ പുരസ്കാരം ആദ്യമെത്തിയത് കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിലേക്കാണ്. ഒടുവിൽ 44ാമത് പുരസ്കാരവും രാമപുരത്തിന്റെ മണ്ണിൽ എത്തിനിൽക്കുമ്പോൾ വയലാർ അവാർഡിന്റെ ചരിത്രനാൾവഴികളിലെ ആദ്യ സംഭവമാണിത്. ഒരു പഞ്ചായത്തിലെ രണ്ട് സാഹിത്യ പ്രതിഭകൾക്ക് വയലാർ പുരസ്കാരം.1976ൽ വയലാർ പുരസ്കാരം ഏർപ്പെടുത്തിയപ്പോൾ ആദ്യമെത്തിയത് രാമപുരം അമ്പലത്തിനടുത്തുള്ള അമനകര മനയിലെ അകത്തളത്തിലേക്കാണ്; മലയാള സാഹിത്യത്തിന്റെ തറവാട്ടമ്മ ലളിതാംബിക അന്തർജ്ജനത്തിന്. ഇത്തവണത്തെ 44ാമത് പുരസ്കാരം എത്തിയത് രാമചന്ദ്രൻ വഴി രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരിയിലേക്കും.

'ലളിതാംബികഅന്തർജ്ജനത്തിന്റെ മുഴുവൻ കഥകളും പലയാവർത്തി വായിച്ചിട്ടുള്ള ഒരാളാണു ഞാൻ. സാഹിത്യ ആരാധനയോടെ ഞാൻ എന്നും കൈകൂപ്പി നിൽക്കുന്ന കഥാകാരി.ആദ്യമായി അവർക്ക് ലഭിച്ച പുരസ്കാരം ഇപ്പോൾ എനിയ്ക്കും! അവാർഡ് ജേതാവ് ഏഴാച്ചേരി രാമചന്ദ്രന് സന്തോഷത്തോടെ മനസുതുറന്നു.

രാമപുരം അമനകര മനയുടെ മുകൾ നിലയിൽ സുവർണ്ണനിധിയായി അന്തർജ്ജനത്തിനു ലഭിച്ച വയലാർ പുരസ്കാരം സൂക്ഷിച്ചിട്ടുണ്ട്. ലളിതാംബിക അന്തർജ്ജനം സ്മാരക ട്രസ്റ്റിന്റെ ചുമതലയിലുള്ള അഗ്‌നിസാക്ഷി മ്യൂസിയത്തിൽ.അന്തർജ്ജനത്തിന്റെ ഇളയ മകൻ എൻ.രാജേന്ദ്രൻ ഐ.പി.എസാണ് ഇതിന്റെ മുഖ്യരക്ഷാധികാരി.

'' അമ്മയ്ക്ക് ലഭിച്ച ആദ്യ വയലാർ അവാർഡ് അതേപടി സൂക്ഷിച്ചിരിക്കുകയാണ് ഞങ്ങൾ. തനിമ നഷ്ടപ്പെട്ടേക്കും എന്നു കരുതി ഇത്രകാലമായി ഈ ഫലകം മിനുക്കിയിട്ടുപോലുമില്ല' രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.

'അമ്മയ്ക്ക് പിന്നാലെ ഇപ്പോൾ ഏഴാച്ചേരി രാമചന്ദ്രനും പുരസ്കാരം ലഭഇച്ചതിൽ വളരെയേറെ സന്തോഷമുണ്ട്. രാമചന്ദ്രൻ എന്റെ അടുത്ത സുഹൃത്തും സഹപാഠിയുമാണ്. ഒരു പഞ്ചായത്തിൽ തന്നെ 2 പേർക്ക് ഇന്നേവരെ വയലാർ പുരസ്കാരം കിട്ടിയിട്ടില്ല. അതൊരു അത്യപൂർവ ഭാഗ്യമാണ് ' രാജേന്ദ്രൻ പറഞ്ഞു.
ത്രിപുര പൊലീസ് മേധാവിയായി വിരമിച്ച രാജേന്ദ്രൻ വർഷങ്ങളായി രാമപുരത്ത് അന്തർജ്ജനം താമസിച്ചിരുന്ന തറവാട്ടുവീട്ടിലാണ് താമസം.

'പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം, കൊവിഡിന്റെ രൂക്ഷത ഒന്നു കുറഞ്ഞാൽ ഏഴാച്ചേരിയിലേക്ക് പോകണമെന്നുണ്ട്. അവിടെ വീട്ടുകാരെയും ബന്ധുക്കളേയും നാട്ടുകാരെയും പുരസ്കാരം കാണിക്കണം. തുടർന്ന് അന്തർജ്ജനത്തിന്റെ വീട്ടിലെത്തി അവരുടെ ഛായാചിത്രത്തിനു മുന്നിലും കുറച്ചു നേരത്തേയ്ക്ക് പുരസ്കാരം സമർപ്പിക്കണമെന്നാണാഗ്രഹം ' ഏഴാച്ചേരി പറഞ്ഞു.