bt-jty

ചങ്ങനാശേരി: ചങ്ങനാശേരി ബോട്ട് ജെട്ടിയെ പഴമയുടെ പ്രൗഢിയിലേക്ക് എത്തിക്കാൻ ഒരു കൂട്ടം വിദ്യാർത്ഥികളും അദ്ധ്യാപകരും. എസ് ബി കോളേജിലെ ബോട്ടണി വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ശുചീകരണ യജ്ഞത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. നഗരസഭ മുൻസിപ്പൽ പാർക്കിനു സമീപത്തെ പൂവക്കാട്ട്ചിറ കുളം ബോട്ടണി വിഭാഗത്തിന്റെ കീഴിൽ ശുചീകരിക്കുന്നുണ്ട്. ഇത് കൂടാതെയാണ് ബോട്ട് ജെട്ടിയിലെ പോളമാറ്റുന്ന പ്രവർത്തിയും ഏറ്റെടുത്തിരിക്കുന്നത്. എം എൽ എ ഫണ്ട് ഉപയോഗിച്ച് നാളുകൾക്ക് മുൻപ് ബോട്ട് ജെട്ടിയിലെ പോള വാരി വൃത്തിയാക്കിയിരുന്നു. എന്നാൽ വീണ്ടും മാലിന്യവും പോളയും നിറയുകയായിരുന്നു. ബോട്ട് ജെട്ടിയിലെ മാലിന്യം നീക്കാൻ ബോട്ടണി വിഭാഗം അദ്ധ്യാപകരുടെ നേതൃത്വത്തിൽ 80000 രൂപ ചിലവഴിച്ച് ഫൈബർ ബോട്ടും വാങ്ങി.

നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സാജൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ജേക്കബ് മാത്യു, ഡോ ജോസഫ് ജോബ്, ബിജു ജോർജ്, ടോം ജോസഫ് , സ്റ്റേഷൻ മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.