കട്ടപ്പന: യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ തരിശുഭൂമി വിളനിലമാക്കി വിത്തെറിഞ്ഞപ്പോൾ വിളവ് നൂറുമേനി. എസ്.എൻ.ഡി.പി. യോഗം 1381ാം നമ്പർ തുളസിപ്പാറ ശാഖയിലെ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ തയാറാക്കിയ പച്ചക്കറിത്തോട്ടത്തിലാണ് വിളവെടുപ്പ് ആരംഭിച്ചത്. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ ബീൻസാണ് വിളവെടുത്തത്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ജൂലൈയിൽ ശാഖയുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ ഭൂമി കൃഷിയോഗ്യമാക്കി പ്രവർത്തകർ ബീൻസ്, പയർ, വാഴ, തക്കാളി, പച്ചമുളക് എന്നിവ കൃഷി ചെയ്തത്. ഒഴിവുസമയങ്ങളിലും പൊതുഅവധി ദിവസങ്ങളിലും സമയം കണ്ടത്തി കൃഷികൾ പരിപാലിച്ചു. ഇരട്ടയാർ ഗ്രാമപഞ്ചായത്തും കൃഷിഭവനും പ്രവർത്തകർക്ക് ആവശ്യമായ സഹായം നൽകി.
വിളവെടുപ്പിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ ശാഖ പ്രസിഡന്റ് ബിജു ചുക്കുറുമ്പേൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലച്ചൻ വെള്ളക്കട, എസ്.എൻ.ഡി.പി. യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം റെജി ഇലിപ്പുലിക്കാട്ട്, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ദീപു കല്ലറയ്ക്കൽ, പ്രദീപ് ഇലവുങ്കൽ, രാജേഷ് കണ്ടത്തിൽ, ക്ഷേത്രം മേൽശാന്തി സനീഷ് മുരളീധരൻ, ഇരട്ടയാർ കൃഷി ഓഫീസർ ഗോവിന്ദ രാജ് തുടങ്ങിയവർ പങ്കെടുത്തു.