പൊൻകുന്നം: എലിക്കുളം സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള 838 അംഗങ്ങളെ നീക്കം ചെയ്ത് സഹകരണസംഘം കോട്ടയം ജോയിന്റ് രജിസ്ട്രാർ(ജനറൽ) തിരുത്തൽ ഉത്തരവ് നൽകി. ബാങ്കിലെ 4926ാം നമ്പർ ഓഹരിയുടമ എൻ.കെ.ബാബു നിരപ്പേൽ നൽകിയ പരാതിയിലാണ് നടപടി. നീക്കം ചെയ്ത് പട്ടിക ജോയിന്റ് രജിസ്ട്രാർ പ്രസിദ്ധീകരിച്ചു.

ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ നേരത്തെ ബാബു ഹർജി ഫയൽ ചെയ്തിരുന്നു. പ്രവർത്തന പരിധിക്ക് പുറത്തുള്ള ആൾക്കാരുടെ വോട്ട് നേടിയാണ് ഭരണസമിതി അധികാരത്തിൽ വന്നതെന്നും അതിനാൽ ഇവർ രാജിവെയ്ക്കുകയോ ജോയിന്റ് രജിസ്ട്രാർ പിരിച്ചുവിടുകയോ ചെയ്യണമെന്ന് ഹർജി നൽകിയ ബാബു ആവശ്യപ്പെട്ടു. കാർഷിക കടം എഴുതിത്തള്ളൽ, നിയമനങ്ങൾ, കെട്ടിട നിർമ്മാണം എന്നിവയെക്കുറിച്ചും സമഗ്ര അന്വേഷണം വേണം. മുൻപ് ഇതേ ആവശ്യത്തിന് വിജിലൻസിന് നൽകിയ പരാതിയിലെ അന്വേഷണം രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് മരവിപ്പെച്ചെന്നും ആരോപിച്ചു. പിന്നീടും പ്രവർത്തന പരിധിക്ക് പുറത്തുള്ള നിരവധി പേരെ ഓഹരിയുടമകളായി ചേർത്തിട്ടുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.