
കട്ടപ്പന: പശുവിനെ വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് രണ്ടിടങ്ങളിൽ വീടുകയറി ആക്രമണം. വെള്ളയാംകുടിയിൽ ഒരുസംഘമാളുകൾ നടത്തിയ ആക്രമണത്തിൽ മുട്ടുമണ്ണിൽ സാബുവിന്റെ ഭാര്യ ആൻസി(49) ക്ക് പരിക്കേറ്റു. രണ്ടു സംഘർഷങ്ങളിലുമായി വള്ളക്കടവ് കരിമ്പാനിപ്പടി സ്വദേശി സജിയുടെ മകൻ അച്ചു, കണ്ടാലറിയാവുന്ന മൂന്നു പേർ എന്നിവർക്കെതിരെയും വെള്ളയാംകുടി സ്വദേശി സാബു ഉൾപ്പെടെ അഞ്ച് പേർ എന്നിവർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു.
മാസങ്ങൾക്ക് മുമ്പ് സജിയുടെ പക്കൽ നിന്നു സാബു പശുവിനെ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷങ്ങളിൽ കലാശിച്ചത്. ശനിയാഴ്ച വൈകിട്ടോടെ സാബു ഉൾപ്പെടുന്ന സംഘം വീട്ടിലെത്തി അക്രമം നടത്തിയതായി സജി നൽകിയ പരാതിയിൽ പറയുന്നു. ഇതിനു പിന്നാലെ രാത്രി എട്ടരയോടെ ഒരുസംഘമാളുകൾ വെള്ളയാംകുടി ലക്ഷംവീട് കോളനിയിലെ സാബുവിന്റെ വീട്ടിലെത്തി. സാബുവിന്റെ ഭാര്യ ആൻസിയും ഇളയമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമിസംഘം ആൻസിയെ കൈയേറ്റം ചെയ്യുകയും വീട്ടുപകരണങ്ങളും മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനവും തല്ലി തകർത്തു. വീട്ടമ്മയുടെ കഴുത്തിൽ കിടന്നിരുന്ന മാലിയും അപഹരിച്ചതായി പരാതിയിൽ പറയുന്നു. ബഹളംകേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. ആൻസി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.