വൈക്കം: സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച വൃത്തിയുള്ള കേരളം പദ്ധതിയിൽ വൈക്കം നഗരസഭയ്ക്ക് ശുചിത്വ പദവി പുരസ്‌കാരം. മാലിന്യ മുക്ത ക്ഷേത്രനഗരമെന്ന ലക്ഷ്യം കൈവരിച്ചാണ് ജില്ലയിൽ ഒന്നാം സ്ഥാനം വൈക്കം നഗരസഭ സ്വന്തമാക്കിയത്. സി.കെ. ആശ എം.എൽ.എ പുരസ്‌കാരം ചെയർമാൻ ബിജു വി. കണ്ണേഴന് കൈമാറി. ശുചിത്വ പദവിക്ക് സജീവ പ്രവർത്തനം നടത്തിയ ആരോഗ്യ വിഭാഗം ജീവനക്കാർ, കണ്ടിജെൻസി ജീവനക്കാർ, ഹരിത കർമ്മസേന പ്രവർത്തകർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ചെയർമാൻ ബിജു വി. കണ്ണേഴൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അംബരീഷ് ജി. വാസു, കൗൺസിലർമാരായ കെ. ആർ. സംഗീത, പി. ശശിധരൻ, ഡി. രഞ്ജിത്ത്കുമാർ, ഷിബി സന്തോഷ്, എ. സി. മണിയമ്മ, ഹെൽത്ത് ഇൻസ്‌പെക്ടർ പി. വി. അജിത്, സെക്രട്ടറി രമ്യ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.