ചങ്ങനാശേരി: ചങ്ങനാശേരിയ്ക്കായി മാത്രം ആനന്ദാശ്രമം മോർക്കുളങ്ങരയിൽ ജല വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് ജലജീവൻ മിഷൻ പദ്ധതി വരുന്നു. ജലമിഷന്റെ പുതിയ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ആരംഭം കുറിച്ചത്. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാകുന്ന പദ്ധതിയുടെ ടെൻഡർ നടപടികൾ ആരംഭിച്ചു. പദ്ധതി ചെലവിന്റെ 45 ശതമാനം കേന്ദ്ര സർക്കാരും 30 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളും 10 ശതമാനം ഗുണഭോക്താക്കളുമാണ് നൽകേണ്ടത്. മോർക്കുളങ്ങരയിൽ ജലവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോളം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ചങ്ങനാശേരിയ്ക്കായി മാത്രം പ്രദേശത്ത് ടാങ്ക് സ്ഥാപിച്ച് പദ്ധതി നടപ്പിലാക്കിയാൽ മണിമലയാറ്റിൽ നിന്നും തിരുവല്ല കറ്റോട് ഭാഗം വഴിയോ മല്ലപ്പള്ളി ഉളളൂർപ്പടിഭാഗം വഴിയോ വെളളം എത്തിച്ച് ശുദ്ധീകരിച്ച് ജലവിതരണം സുഗമമാക്കാനും കഴിയും. എംസി റോഡും റെയിൽവേ ക്രോസിംഗുകളും ഒഴിവാക്കി വെള്ളം എത്തിക്കുന്നതിന് അനുയോജ്യമായത് ഉളളൂർപ്പടിയിൽ നിന്നാണ്.
ആവശ്യത്തിന് കുടിവെള്ളമില്ല
ദിവസേന രണ്ട് കോടി ലിറ്റർ വെളളം നാല് പഞ്ചായത്തുകൾക്കായി വേണ്ടി വരുന്നുണ്ട്. എന്നാൽ നിലവിൽ കറ്റോട് പദ്ധതിയിൽ നിന്ന് 40 ലക്ഷം ലിറ്റർ വെള്ളം മാത്രമാണ് ഈ പഞ്ചായത്തുകൾക്ക് ലഭിക്കുന്നത്. കല്ലിശേരി പദ്ധതിയിൽ നിന്ന് ലഭിക്കുന്ന 40 ലക്ഷം ലിറ്റർ വെളളം ചങ്ങനാശേരി നഗരസഭയ്ക്കും ലഭിക്കുന്നു. ഇത് അപര്യാപ്തമായതിനാലാണ് രണ്ട് കോടി ലിറ്റർ വെളളം വിതരണം ചെയ്യുന്ന ജലമിഷൻ പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത്. 25 വർഷത്തിലധികം പഴക്കമുള്ള കല്ലിശേരി - കറ്റോട് പദ്ധതികളുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ കാലപ്പഴക്കം മൂലം തകരാറുകൾ പതിവാണ്. നിലവിൽ കല്ലിശേരിയിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം തിരുവല്ലയിൽ എത്തിയ ശേഷമാണ് ചങ്ങനാശേരിയിൽ എത്തുന്നത്. ഇത് മൂലം ചങ്ങനാശേരിയ്ക്ക് ലഭിക്കേണ്ട വെള്ളം കുറയുന്നതായി കാലങ്ങളായുള്ള പരാതിയാണ്. കൂടാതെ, ചങ്ങനാശേരിക്ക് ആവശ്യമായ വെള്ളം ലഭിക്കണമെങ്കിൽ 24 മണിക്കൂറും തുടർച്ചയായി പമ്പ് പ്രവർത്തിക്കണം. പലപ്പോഴും വൈദ്യുതി തകരാറും മറ്റും മൂലം 16 മണിക്കൂർ മാത്രമേ ഇവ പ്രവർത്തിക്കാറുള്ളൂ. ജലമിഷൻ പദ്ധതി വരുന്നതോടെ ഇതിനു പരിഹാരം കാണുവാൻ കഴിയും.
ആദ്യഘട്ടത്തിൽ പ്രയോജനം ലഭിക്കുന്ന ഗുണഭോക്താക്കൾ
പഞ്ചായത്ത് ഗുണഭോക്താക്കൾ
വാഴപ്പള്ളി -810
തൃക്കൊടിത്താനം -700
പായിപ്പാട് -350
കുറിച്ചി -250