areca

കോട്ടയം: കൊവിഡ് പ്രതിസന്ധിയിലായ കാർഷിക മേഖലയ്ക്ക് പ്രതീക്ഷ നൽകി അടയ്ക്കാ വില ഉയരുമ്പോൾ കർഷകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ചെടികളെ രോഗം ബാധിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വാഴയിലയ്ക്ക് പഴുപ്പ് രോഗവും കമുകിന് മഹാളിരോഗവുമാണ് വ്യാപിക്കുന്നത്. സംസ്ഥാനത്ത് മലബാർ മേഖലകളിലാണ് കമുക് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്. മറ്റ് ജില്ലകളിൽ ചെറിയ തോതിൽ ഇടവിളയായി അടയ്ക്കാ കൃഷി നടത്തുന്നുണ്ട്. തെങ്ങ്, റബർ, പാടശേഖരങ്ങളുടെ വശങ്ങളിലും മറ്റും ഇടവിളയായിട്ടാണ് കമുക് കൃഷി മറ്റ് ജില്ലകളിൽ ചെയ്യുന്നത്. ജില്ലയിൽ കടുത്തുരുത്തി, ഉഴവൂർ, മാഞ്ഞൂർ, പാമ്പാടി മേഖലകളിലും കമുക് കൃഷി കൂടുതലായി ചെയ്യുന്നുണ്ട്. പച്ച അടയ്ക്കയ്ക്ക് കിലോയ്ക്ക് 15 രൂപയാണ് ലഭിക്കുന്നത്. ഉണങ്ങിയ അടയ്ക്കായ്ക്ക് 350 രൂപ വരെ വില വർദ്ധിച്ച് നിൽക്കുന്ന സമയത്താണ് കമുകുകൾക്ക് രോഗം വന്നത്. രോഗം ബാധിച്ച കമുകിന്റെ കൂമ്പ് ചീഞ്ഞ് താഴേക്ക് പതിക്കുകയാണ്. ചെറുത് മുതൽ മൂപ്പെത്തി പഴുക്കാറായ അടയ്ക്ക വരെ രോഗം ബാധിച്ച് വീഴുന്നു.

രക്ഷയ്ക്ക് പ്രതിരോധം

രോഗം കൂടുതലായി വ്യാപിക്കാതിരിക്കാൻ വേപ്പിൻ പിണാക്ക്, കുമ്മായം എന്നിവ കമുകുകളുടെ ചുവട്ടിൽ ഒഴിച്ചാൽ രോഗത്തെ ഒരു പരിധി വരെ തടയാൻ സഹായിക്കുമെന്ന് കർഷകർ പറയുന്നു.

വാഴയ്ക്കും രക്ഷയില്ല

നാണ്യവിള കൃഷിയെക്കാൾ കൂടുതലായി ചെറുകിട കർഷകർ മുതൽ വൻകിട കർഷകർ വരെ നിലവിൽ ഏത്തവാഴ, കപ്പ, ചേന, ചേമ്പ് തുടങ്ങിയ കൃഷികളാണ് കൂടുതലായി ചെയ്യുന്നത്. 50 എണ്ണം മുതൽ ഏത്തവാഴകൾ കൃഷി ചെയ്യുന്നുണ്ട്. ഇവരെയും പ്രതിസന്ധിയിലാഴ്ത്തിയാണ് വാഴയിലയ്ക്ക് പഴുപ്പ് രോഗം വ്യാപിക്കുന്നത്. മുമ്പും രോഗം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വ്യാപകമാകുന്ന സ്ഥിതിയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റവും ഇത്തവണ മഴയുടെ അളവ് വർദ്ധിച്ചതുമാണ് രോഗവ്യാപനം ക്രമാതീതമായി വർധിക്കാൻ കാരണം എന്ന് കർഷകർ പറയുന്നു.

കർഷകർക്ക് നഷ്ടം

കൊവിഡ് കാലഘട്ടത്തിൽ വിലവർദ്ധിച്ച കാർഷിക ഉത്പന്നങ്ങളിൽ ഒന്നാണ് അടയ്ക്ക. എന്നാൽ, വിലവർദ്ധനവിന്റെ പ്രയോജനം കർഷകർക്ക് കിട്ടാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ചെറുകിട കർഷകരുടെ സ്ഥിതി എന്നും പരിതാപകരമാണ്. കൃഷി ചെയ്യുന്നവരെക്കാൾ കൂടുതൽ ലാഭം നേടുന്നത് കച്ചവടക്കാരാണ്. കൃഷിയോടുള്ള താല്പര്യവും ലാഭേച്ഛകൂടാതെയുള്ള പ്രവർത്തനവുമാണ് കർഷകരുടെ മൂലധനം.

ബിജു നെടുംകുന്നം

ചെറുകിട കർഷകൻ, അദ്ധ്യാപകൻ