
കുമരകം: പടശേഖരങ്ങളുടെ പുറംബണ്ട് നിർമ്മിക്കുവാൻ എത്തിച്ച മണ്ണുമാന്തി യന്ത്രം വള്ളങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയായി വെള്ളത്തിൽ. രാത്രി കാലങ്ങളിൽ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതിനാൽ മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ച് അപകടങ്ങൾ തുടർക്കഥയാവുന്നു. ഒരു വർഷമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന യന്ത്രം മാറ്റാൻ അധികൃതർ തയാറാവുന്നുമില്ല. എന്തിന്, അപകട സിഗ്നൽ സ്ഥാപിക്കാനും ആരും തയാറായിട്ടുമില്ല.
നാഥനില്ലാതെ തോട്ടിൽ
കുമരകം മുത്തേരിമട ആറ്റിലാണ് ജലഗതാഗതം തടസമാകുന്ന രീതിയിൽ ക്രെയിൻ ഘടിപ്പിച്ച് മണ്ണ്മാന്തിയന്ത്രം വെള്ളത്തിൽ മുങ്ങി കിടക്കുന്നത്. ആപ്പ്കായൽ, പത്ത്പങ്ക്, പതിനാലായിരം പാടശേഖരങ്ങളിൽ പുറം ബണ്ട് നിർമ്മിക്കാൻ കഴിഞ്ഞ വർഷം കരാറെടുത്ത സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതതയിലുള്ളതാണ് മണ്ണ് മാന്തിയന്ത്രം. ഓപ്പറേറ്ററുടെ അഭാവം മൂലം മാസങ്ങളോളം നിർത്തിയിട്ടതിനെ തുടർന്ന് വെള്ളം കയറി മുങ്ങുകയായിരുന്നു. പല പ്രാവശ്യം യന്ത്രം ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാസങ്ങളായി ആരും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നുമില്ല.
തോട്ടിലെ സ്വഭാവിക ഒഴുക്കിന് തടസം സൃഷ്ടിക്കുന്നുണ്ട് ഈ മണ്ണുമാന്തി യന്ത്രം. കൂടാതെ ഒഴുകിയെത്തുന്ന പോളയും മാലിന്യങ്ങളും ഇതിലടിഞ്ഞ് കൂടി പാരിസ്ഥിക പ്രശ്നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. മറ്റു പ്രദേശങ്ങളിൽ നിന്ന് കുമരകത്ത് വള്ളത്തിൽ എത്തുന്ന തൊഴിലാളികൾ മത്സ്യബന്ധനത്തിനും മറ്റും സഞ്ചരിക്കുന്ന പ്രധാന തോടാണ് മുത്തേരിമട ആറ്. ഈ പ്രദേശത്ത് രാത്രി വെള്ളിച്ചമില്ലാത്തതിനാൽ വള്ളങ്ങൾ ഇതിലിടിച്ച് അപകടത്തിൽപ്പെടുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവാപായം സംഭവിക്കാതിരിക്കുന്നത്. അടിയന്തരമായി യന്ത്രം നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പല പ്രാവശ്യങ്ങളിലായി യന്ത്രം നീക്കം ചെയ്യാൻ ഉടമയ്ക്ക് നിർദ്ദേശം നൽകിയതാണ്. നടപടി സ്വീകരിക്കാത്തതിനാൽ ഉടമയ്ക്ക് നോട്ടീസ് നൽകി നിയമ നടപടി സ്വീകരിക്കും.
എ.പി സലിമോൻ
കുമരകം പഞ്ചായത്ത് പ്രസിഡന്റ്
എഞ്ചിൻ ഘടിപ്പിച്ച വള്ളത്തിൽ മത്സ്യ ബന്ധനം നടത്തുന്നവരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. രാത്രി സമയങ്ങളിൽ യന്ത്രത്തിന് തൊട്ട് സമീപത്തെത്തുമ്പോഴാണ് ഇവ കാണാൻ സാധിക്കുന്നത്. പലപ്പോഴും അപകടങ്ങൾ മാറി പോകുന്നത് തലനാരിഴയ്ക്കാണ്.
അജീഷ് തൈത്തറ
മത്സ്യത്തൊഴിലാളി
മഴയെ തുടർന്ന് പുറം ബണ്ടിലൂടെ ക്രെയിൻ അടക്കമുള്ള ഉപകരണങ്ങൾ എത്തിക്കാൻ സാധിക്കാത്തതിനാലാണ് നിലവിൽ മണ്ണ് മാന്തിയന്ത്രം ഉയർത്താൻ സാധിക്കാത്തത്. ബണ്ട് ഗതാഗതത്തിന് യോഗ്യമാക്കി യന്ത്രം ഉയർത്തി മാറ്റും.
ലത
യന്ത്രത്തിന്റെ ഉടമ