അടിമാലി: നെടുനെടുങ്കൻ ഇംഗ്ലീഷ് വാക്കുകൾ കൊണ്ട് അമ്പരപ്പിച്ച ശശി തരൂരിന്റെ വഴിയേ ഇതാ ഒരു പത്താം ക്ലാസുകാരി. രാജമുടി ഡി.പോൾ പബ്ലിക്ക് സ്‌കൂളിലെ വിദ്യാർത്ഥിനിയായ ദിയ(15)യെ കഴിഞ്ഞ ദിവസം ശശി തരൂർ വിളിച്ച് അഭിനന്ദിച്ചു. ഒരു ഇംഗ്ലീഷ് പാട്ടിലെ വരികൾ വിവിധ വിദേശഭാഷകളിൽ പാടിയും ദിയ ശ്രദ്ധേയയായിട്ടുണ്ട്.
ദിയയുടെ ഇംഗ്ളീഷ് പ്രാവീണ്യം ആരെയും അദ്ഭുതപ്പെടുത്തും. lopadotemachoselacho, galeokranioleipsano, hippopotomonstrosesquippedaliophobia തുടങ്ങിയ വാക്കുകൾ അനായാസം പറയും. ഇടുക്കിയിലെ മലയോര ഗ്രാമമായ പാറത്തോട് വള്ളോംപുരയിടത്തിൽ ബിനോയ് സിറിയക് സിനി ദമ്പതികളുടെ മകളാണ് ദിയ ട്രീസ ബിനോയ്. ശശി തരൂർ എം.പി യുടെ ആരാധികയാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും ക്ലാസ്സുകളിലും ആകൃഷ്ടയായ ദിയ 10 വയസ്സു മുതൽ ഇംഗ്ലീഷ് ഭാഷയിൽ തത്പരയായി. മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രോത്സാനം കൂടിയായപ്പോൾ ദിയ കടിച്ചാൽപൊട്ടാത്ത നെടുനീളൻ വാക്കുകൾ ഉൾപ്പെടെ വളരെവേഗം പഠിച്ചെടുത്തു. ഏറ്റവും നീളമേറിയ 10 വാക്കുകൾ ഗൂഗിളിൽ നിന്ന് ദിയ തന്നെ കണ്ടെത്തി അതിന്റെ അർത്ഥവും മനസ്സിലാക്കി കാണാതെ പഠിക്കുകയായിരുന്നു. ദുബായിലുള്ള നക്ഷത്ര നീരജ് എന്ന കുട്ടി വലിയ 6 വാക്കുകൾ പറയുന്നത് കണ്ടപ്പോൾ എന്തുകൊണ്ട് തനിക്കും ആയിക്കൂടാ എന്ന ചിന്തയിലാണ് പഠിച്ചുതുടങ്ങിയത്.
അര മണിക്കൂറോളം ശശി തരൂരുമായി സംസാരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി ദിയ കരുതുന്നു. സാധാരണ അർത്ഥം വരുന്ന വലിയ വാക്കുകൾ കണ്ടെത്തി പഠിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ഇപ്പോൾ പറയുന്ന വാക്കുകളിൽ 11 മുതൽ 182 അക്ഷരങ്ങൾ വരെയുണ്ട്. കൂടുതൽ വാക്കുകൾ പഠിക്കാനുള്ള ശ്രമത്തിലാണ്. സിവിൽ സർവ്വീസാണ് ലക്ഷ്യം. ഇന്ത്യൻ ഫോറിൻ സർവ്വീസിൽ ജോലിചെയ്യണമെന്നും ഈ കൊച്ചുമിടുക്കി ആഗ്രഹിക്കുന്നു. സഹോദരൻ ദാനിയൽ സിറിയക് ബിനോയ് നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.