രാജകുമാരി: പൂപ്പാറ മുള്ളംതണ്ടിനു സമീപം ഏലത്തോട്ടത്തിൽ ജോലിക്കിടെ മരം കടപുഴകി വീണ് തൊഴിലാളി മരിച്ചു. മുള്ളംതണ്ടിൽ താമസിക്കുന്ന ബോഡിനായ്ക്കന്നൂർ സ്വദേശി ശരവണൻ (38) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. ചെഞ്ചേരിൽ ജോഷി ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിൽ വിളവെടുപ്പ് നടത്തുമ്പോൾ കടപുഴകിയ വൻമരം ശരവണന്റെ ദേഹത്ത് വീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ ശരവണന്റെ സമീപത്തുണ്ടായിരുന്ന തോട്ടം ഉടമ ജോഷി ജേക്കബിന്റെ ശരീരത്തിലും മരത്തിന്റെ ശിഖരം പതിച്ചു. പരുക്കേറ്റ ജോഷിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ശരവണന്റെ മൃതദേഹം സ്വദേശമായ ബോഡിനായ്ക്കന്നൂരിലേക്ക് കൊണ്ടുപോയി. അഞ്ച് വർഷം മുൻപ് ശരവണന്റെ ഭാര്യ മുനിയമ്മാൾ അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. താരണി ഏകമകളാണ്.