tour

കുമരകം : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതിനും, ഹൗസ് ബോട്ടുകൾക്ക് സർവീസ് നടത്തുന്നതിനും സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും കുമരകത്തെ ടൂറിസം മേഖലയിൽ പ്രത്യാശയ്ക്കിടയിലും ആശങ്ക ഒഴിയാതെ നിൽക്കുകയാണ്. കഴിഞ്ഞ ആറ് മാസമായി പൂർണമായും നിശ്ചലമായ ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിന് കടമ്പകളേറെ കടക്കണം.

മാസങ്ങളായി കെട്ടിയിട്ടിരിക്കുന്ന ഹൗസ് ബോട്ടുകൾ സഞ്ചാരയോഗ്യമാക്കണമെങ്കിൽ വൻതുക വേണ്ടിവരും. കടക്കെണിയിൽ മുങ്ങിയിരിക്കുന്ന ഉടമകൾക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. ഹൗസ് ബോട്ടുകളെ സഹായിക്കാൻ വിനോദസഞ്ചാര വകുപ്പ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഗ്രാന്റ് എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നാണ് ഉടമകളുടെ ആവശ്യം. പ്രതിസന്ധി ഘട്ടത്തിൽ പലരും ജീവിതമാർഗത്തിനായി വിവിധ ജോലികൾ ചെയ്യുകയാണ്. മറ്റു ജോലികൾ തേടിപ്പോയ ഹൗസ് ബോട്ട് ജീവനക്കാർ തിരിച്ച് വരുമോ എന്ന ആശങ്കയും ഉടമകൾക്കുണ്ട്. പ്രാദേശിക വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കുമരകം പക്ഷിസങ്കേതം തുറന്ന് കൊടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.


നിലവിലെ ഉത്തരവ് സ്വാഗതം ചെയ്യുന്നു. വിനോദ സഞ്ചാര വകുപ്പിന്റെ ഭാഗത്ത് നിന്ന് സഞ്ചാരികള ആകർഷിക്കുന്നതിനും,സുരക്ഷിത മേഖലയാണെന്നും കാണിച്ചുള്ള പരസ്യങ്ങളും, പ്രഖ്യാപനങ്ങളും ഉണ്ടാകണം.

ഹണി ഗോപാൽ, സെക്രട്ടറി
ഹൗസ് ബോട്ട് ഓണേഴ്‌സ് അസോ.

ടൂറിസം മേഖലയ്ക്ക് പുനർജീവനം നൽകിയ ഉത്തരവാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചത്. ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിനാളുകൾക്ക് സന്തോഷം നൽകുന്നതാണ് ഉത്തരവ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യും. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായുള്ള വില്ലേജ് ടൂറുകളും ഇതോടെ പ്രവർത്തിച്ചു തുടങ്ങും.

ഭഗത് സിംഗ്,ജില്ലാ കോ-ഓർഡിനേറ്റർ,
ഉത്തരവാദിത്വ വിനോദ സഞ്ചാര മിഷൻ

നിലവിലെ ഉത്തരവ് മാസങ്ങൾക്ക് മുൻപേ വേണ്ടതായിരുന്നു. ക്വാറന്റൈൻ കൂടാതെ എഴുദിവസം വിനോദ സഞ്ചാരികൾക്ക് കേരളത്തിൽ കഴിയാൻ സാധിക്കുന്ന ഉത്തരവ് ഹോട്ടൽ മേഖലയ്ക്ക് ഉണർവ് നൽകും. കൊവിഡ് തകർത്ത ഹോട്ടൽ വ്യവസായത്തെ സംരക്ഷിക്കാൻ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണം.

സലിം ദാസ്, ഇല്ലിക്കളം ലെയ്ക് സൈഡ് കോട്ടേജ്, കുമരകം



കുറച്ച് ദിവസങ്ങളായി ഹൗസ് ബോട്ട്, ഹോം സ്റ്റേ എന്നിവയിലേക്ക് കേരളത്തിന് വെളിയിൽ നിന്നുമുള്ള സഞ്ചാരികളുടെ ബുക്കിംഗ് സ്വീകരിക്കുന്നതിൽ നിലനിന്നിരുന്ന ആശയക്കുഴപ്പം നിലവിലെ ഉത്തരവിലൂടെ മാറി കിട്ടി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഞ്ചാരികളുമായി യാത്രയ്ക്കായി തയ്യാറായി.

ദിലീപ്.കെ.ജി, ഉടമ ഹോം സ്റ്റേ,ഹൗസ് ബോട്ട്