പാലാ: കിടങ്ങ് പോലുള്ള കുഴികൾ.....മഴയിൽ കുഴികൾ നിറയെ ചെളിവെള്ളം.... റോഡേത്, കുഴിയേത്, എന്ന് നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ യാത്രക്കാർ അപകടത്തിൽപ്പെടും ഉറപ്പ്. പാലാ തെക്കേക്കരയിൽ മുരിക്കുമ്പുഴ പാറപ്പള്ളി റോഡിന്റെ ആരംഭത്തിലെ അവസ്ഥയാണിത്. ആകെ തകർന്ന റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്‌ക്കരമായി. ഇരുചക്രവാഹന യാത്രികരുടെ കാര്യം പറയേണ്ടതില്ല. നെല്ലിട തെറ്റിയാൽ കുഴിയിൽ വീണതു തന്നെ. യാത്രക്കാർ അധികാരിളോട് പരാതി പറഞ്ഞു മടുത്തു, ആരു കേൾക്കാൻ ....? വെള്ളക്കുഴികൾ നിറഞ്ഞ റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുവാൻ കഷ്‌പ്പെടുകയാണ്.
ദിവസേന നൂറു കണക്കിനാളുകൾ സഞ്ചരിക്കുന്ന വഴിയാണിത്. റോഡിന്റെ പല ഭാഗങ്ങളിലും ടാറിംഗ് കണികാണാനേയില്ല.വാഹനങ്ങൾ ഓടുമ്പോൾ ഈ കുഴികളിലെ വെള്ളത്തിൽ ചാടി കാൽനടക്കാരുടെ വസ്ത്രങ്ങളിലേയ്ക്കു ചെളിവെള്ളവും ,ഇളകി കിടക്കുന്ന മെറ്റലുകളും തെറിക്കുന്നതും പതിവാണ്. കാര്യമായ അപകടങ്ങളുണ്ടാകാത്തത് ഭാഗ്യം കൊണ്ടു മാത്രം. കുഴികളിൽ വീണ് ഒട്ടനവധി വാഹനങ്ങളാണ് തകരാറിലാകുന്നത്.ചെറു വാഹനങ്ങളാണ് ഇവയിൽ ഏറെയും.
പരാതി നൽകി
പാലാ പാറപ്പള്ളി ഇടമറ്റം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാലാ പൗരസമിതി പ്രസിഡന്റ് പി. പോത്തൻ പി. ഡബ്ലൂ. ഡി. അധികാരികൾക്കു നിവേദനം നൽകി.