കട്ടപ്പന: ഭൂപതിവ് നിയമ ഭേദഗതി ആവശ്യപ്പെട്ട് കേരള കോൺഗ്രസ്(ജോസഫ്) നടത്തിവരുന്ന റിലേ സമരം 50 ദിവസം പൂർത്തിയാകുന്ന ഇന്ന് ജില്ലയിൽ ആറ് കേന്ദ്രങ്ങളിൽ സത്യഗ്രഹസമരം നടത്തും. ജില്ലയ്ക്ക് മാത്രമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് ഭാരവാഹികളായ അഡ്വ. തോമസ് പെരുമന, ഫിലിപ്പ് ജി.മലയാറ്റ്, ജോയി കുടക്കച്ചിറ എന്നിവർ അറിയിച്ചു. 1964ലെയും 1993ലെയും ഭൂപതിവ് നിയമങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന 2019 ഡിസംബർ 17ലെ സർവ കക്ഷിയോഗ തീരുമാനങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 25നാണ് ചെറുതോണിയിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരം നടത്തും. അണക്കരയിൽ മുൻ എം.പി. ജോയി അബ്രഹാം, തൊടുപുഴയിൽ മുൻ എം.പി. ഫ്രാൻസിസ് ജോർജ്, കട്ടപ്പനയിൽ മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, അടിമാലിയിൽ മുൻ എം.എൽ.എ. ജോണി നെല്ലൂർ, ചെറുതോണിയിൽ മുൻ എം.എൽ.എ. ജോസഫ് എം.പുതുശേരി, നെടുങ്കണ്ടത്ത് മുൻ എം.എൽ.എ. മാത്യു സ്റ്റീഫൻ എന്നിവർ ഉദ്ഘാടനം ചെയ്യും.