പൊൻകുന്നം:ലോക്ക്ഡൗൺകാലത്ത് തുടങ്ങിയ ജനകീയഹോട്ടൽ വഴിയാധാരമായി.രാജേന്ദ്രമൈതാനത്തിന് സമീപം വാടകകെട്ടിടത്തിലായിരുന്നു ഹോട്ടൽ പ്രവർത്തിച്ചിരുന്നത്.പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്‌സ് ഉദ്ഘാടനം കഴിഞ്ഞപ്പോൾ ഹോട്ടൽ അവിടേക്ക് മാറ്റാൻ തീരുമാനിച്ചു.തുടർന്ന് വാടകകെട്ടിടം ഒഴിഞ്ഞു.
നിർമ്മാണം പൂർത്തിയാകാത്ത ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒന്നാംഘട്ടം എന്ന നിലയിലാണ് ഉദ്ഘാടനകർമ്മം നടത്തിയത്.നിർമ്മാണം നടക്കുന്നതിനാൽ ഹോട്ടൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് കരാറുകാരന്റെ നിലപാട്.രണ്ടാഴ്ചയായി ജനകീയഹോട്ടൽ പ്രവർത്തിക്കുന്നില്ല.
20 രൂപയ്ക്ക് ഊണ് കിട്ടുന്ന ഹോട്ടൽ സാധാരണക്കാർക്ക് ആശ്വാസവും ആശ്രയവുമായിരുന്നു.സാമ്പാർ,പുളിശ്ശേരി,തോരൻ,പച്ചമോര് അച്ചാർ എന്നിവയായിരുന്നു കറികൾ.പാഴ്‌സൽ 25 രൂപയും വറുത്തമീൻ ഉൾപ്പെടെ 50 രൂപയുമായിരുന്നു നിരക്ക്.ടൗണിലുള്ള ഓട്ടോടാക്‌സി തൊഴിലാളികൾക്കും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഹോട്ടൽഭക്ഷണം കഴിക്കുന്ന മറ്റുള്ളവർക്കും കുറഞ്ഞ ചിലവിൽ ഊണ് ലഭിച്ചിരുന്നതിനാൽ ജനകീയഹോട്ടൽ അടച്ചത് വൻപ്രതിഷേധത്തിന് കാരണമായി.
ലോക്ക്ഡൗൺകാലത്ത് അത്യാവശ്യമായിരുന്നതിനാൽ അപ്പോൾ ലഭ്യമായ കെട്ടിടം വലിയ വാടകയ്ക്ക് എടുക്കുകയായിരുന്നു.വാടക നിരക്ക് സർക്കാർ നിശ്ചയിച്ചിരുന്നതിന്റെ ഇരട്ടിയായിരുന്നതിനാൽ വാടക കുടിശിക ഉണ്ടായിരുന്നു.അതുകൊണ്ടാണ് പെട്ടെന്ന് മാറാൻ തീരുമാനിച്ചത്.പ്രത്യേകസാഹചര്യത്തിൽ കൂടുതൽ വാടക അനുവദിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ട്.പഴയ കെട്ടിടത്തിൽ തന്നെ ഹോട്ടൽ ഉടൻ പ്രവർത്തനമാരംഭിക്കും.
അഡ്വ.ജയാശ്രീധർ(ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)