
ചങ്ങനാശേരി: ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രമൊരുക്കാനായി നഗരത്തിലെ മാലിന്യം കൈകാര്യം ചെയ്യുന്ന എയ്റോബിക് ബിൻ പൊളിച്ചുമാറ്റാൻ നീക്കം നടക്കുന്നു. പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലയളവിൽ സ്ഥാപിച്ച എയ്റോബിക് ബിന്നാണ് പൊളിച്ചു നീക്കുന്നതിനുള്ള ശ്രമം നടക്കുന്നത്.ചങ്ങനാശേരി യു.എ.ഇ ചാപ്റ്റർ സ്പോൺസറായി ചങ്ങനാശേരി നഗരസഭക്കു വേണ്ടി 7 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചു നല്കിയ എയ്റോബിക് ബിന്നാണ് മാറ്റുന്നത്.
തുടക്കത്തിൽ പുലി
നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായി നഗരപരിധിയിലുള്ള മാലിന്യങ്ങൾ തരം തിരിച്ച് നിർമ്മാർജനം ചെയ്യുന്നതിനു വേണ്ടിയാണ് തുമ്പൂർ മോഡൽ എയ്റോബിക് ബിൻ സ്ഥാപിച്ചത്. നഗരസഭ ഫണ്ടിന്റെ അപര്യാപ്തത മൂലം ചങ്ങനാശേരിയിലെ പ്രവാസികളുടെ സംഘടനായ യു.എ.ഇ ചാപ്റ്ററിനെ സമീപിച്ച് അന്നത്തെ നഗരസഭ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിനെ തുടർന്ന്, നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിച്ചിരുന്നു. ഈ ബിന്നിൽ മാലിന്യം സംസ്കരിച്ചെടുക്കുന്ന ജൈവവളം വിറ്റ് നഗരസഭയ്ക്ക് വരുമാന മാർഗമാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ആദ്യ ഘട്ടങ്ങളിൽ പ്രവർത്തനം സുഗമമായിരുന്നെങ്കിലും പിന്നീട് പ്രവർത്തനം മന്ദഗതിയിലാവുകയും ഇവിടെ മാലിന്യക്കൂമ്പാരമുയരുകയും ചെയ്തു. ആ സമയത്താണ് ഇവിടം ടേക്ക് എ ബ്രേക്കിനായി എടുക്കാൻ ആലോചന വരുന്നത്.
വീണ്ടും പ്രശ്നത്തിലേക്ക്
ഇവിടെ നിന്ന് ബിന്നുകൾ നീക്കം ചെയ്യുന്നതോടുകൂടി നഗരത്തിലെ മാലിന്യപ്രശ്നം വീണ്ടും ഉയരും. ഫാത്തിമപുരത്തുള്ള ഡംപിങ്ങ് യാർഡ് മാലിന്യം നിറഞ്ഞു കവിഞ്ഞ് പരിസരങ്ങളിലേക്ക് വ്യാപിക്കുന്നതിനാൽ പ്രദേശവാസികൾ മാലിന്യം നിക്ഷേപിക്കുവാൻ അനുവദിക്കുന്നില്ല. അതിനാൽ നഗരത്തിലെ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിക്കുന്നത് പെരുന്നയിലെ എയ്റോബിക് ബിന്നിലാണ്. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ള 35 ലക്ഷം രൂപ ചിലവഴിച്ച് ടേക്ക് എ ബ്രേക്കിനു വേണ്ടിയാണ് നിലവിൽ പെരുന്നയിലെ എയ്റോബിക് ബിൻ മാറ്റുവാൻ തയാറെടുക്കുന്നത്. നഗരത്തിൽ എത്തുന്നവർക്കും യാത്രക്കാർക്കും വിശ്രമിക്കുന്നതിനായി ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. എന്നാൽ നഗരത്തിലെ മാലിന്യപ്രശ്നത്തിന് ഒരു പരിധി വരെ സഹായമായിട്ടുള്ള എയ്റോബിക് ബിൻ പൊളിച്ചു മാറ്റാതെ ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കുവാനുള്ള സ്ഥലങ്ങൾ നഗരത്തിലുണ്ട്. ഇത് കണക്കിലെടുക്കാതെയാണ് നഗരസഭ അധികൃതർ എയ്റോബിക് ബിൻ പൊളിക്കുവാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. ഇതിനെതിരെ നഗരത്തിലെ വ്യാപാരികളും റെസിഡൻസ് അസോസിയേഷനുകളും പദ്ധതി നടപ്പിലാക്കിയ യു.എ.ഇ ചാപ്റ്ററും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.