kothavara-palam

വൈക്കം: റോഡിന് അന്താരാഷ്ട്ര നിലവാരം. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. പാലത്തിലൂടെ ഒരു സമയം ഒരു ദിശയിലേക്ക് മാത്രമേ വാഹനം കടന്നുപോകൂ. ഒപ്പം പാലത്തിന് ബലക്ഷയവും. അതേ കൊതവറ പാലം ആശങ്കയും ദുരിതവുമാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്.തലയാഴം ഗ്രാമപഞ്ചായത്തിനെയും ടി.വി പുരം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉല്ലല മൂത്തേടത്ത് കാവ് റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തിയിട്ടും ഈ റോഡിൽ സ്ഥിതി ചെയ്യുന്ന കൊതവറ പാലം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പാലത്തിന്റെ നാലു തൂണുകളുടെയും അടിതട്ടിലെ കമ്പികൾ വരെ ദ്റവിച്ചു. കൈവരികൾ തകർന്നു. പാലത്തിലൂടെ ബസ്, ടോറസ് മുതലായ വലിയ വാഹനങ്ങൾ ഉൾപ്പെടെ നിത്യേന കടന്നുപോകുന്നുണ്ട്. ടിവി പുരം, മൂത്തേടത്തുകാവ് , കൊതവറ ഭാഗങ്ങളിലെ ജനങ്ങൾ വൈക്കം ആലപ്പുഴ ,ചേർത്തല കോട്ടയം എന്നീ ഭാഗങ്ങളിലേയ്ക്ക് പോകുന്നതും കൊതവറ പാലം കടന്നാണ്.

ശ്രദ്ധയിൽപ്പെടുത്തി, പക്ഷേ...

പാലത്തിന്റെ ബലക്ഷയം പ്രദേശവാസികൾ പലവട്ടം അധികൃതരെ അറിയിച്ചിരുന്നു. പാലത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ മറുപടി പറയാൻ തുടങ്ങിയിട്ടും വർഷങ്ങൾ പലത് കഴിഞ്ഞു. പക്ഷേ പാലത്തിന്റെ തകരാർ മാത്രം പരിഹരിച്ചില്ല. പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) തലയാഴം മണ്ഡലം കമ്മ​റ്റി രംഗത്തെത്തി. മണ്ഡലം പ്രസിഡന്റ് എൻ. സോമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജു പറപ്പള്ളി , ജോസ് കാട്ടിപറമ്പിൽ ,ഷാജി ചില്ലയ്ക്കൽ ,ജോമോൻ കൈതക്കാട്ട് , സണ്ണി കഴുവടയിൽ , ജോജോ കളമാന്തറച്ചിറ , മൈക്കിൾ കുമരകത്ത് ,സാജു പുത്തൻ പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.