workers

തൊഴിലാളി ക്ഷാമം മാറയാക്കുന്നു
വരുന്നത് രേഖകളൊന്നുമില്ലാതെ


കട്ടപ്പന: തൊഴിലാളി ക്ഷാമത്തിന്റെ മറവിൽ കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി അന്യ സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ സംസ്ഥാനത്തെത്തിക്കുന്നു. ജാർഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് യാതൊരു രേഖകളും കൈവശമില്ലാത്ത നൂറുകണക്കിന് ആളുകളെയാണ് ടൂറിസ്റ്റ് ബസുകളിൽ കമ്മിഷൻ വ്യവസ്ഥയിൽ കൊണ്ടുവരുന്നത്. ആധാർ കാർഡോ തൊഴിൽ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ കൊവിഡ് പരിശോധന സർട്ടിഫിക്കറ്റോ ഇവരുടെ കൈവശമില്ല. ഇവരിൽ ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ വലിയ തോതിൽ വ്യാപനത്തിനു കാരണമാകും.
തൊഴിലാളികൾ എവിടെ നിന്നു വരുന്നുവെന്നോ എത്ര പേർ ഉണ്ടെന്നോ അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ ആരോഗ്യ വകുപ്പിനോ അറിവില്ല. ഒരു തൊഴിലാളിയെ എത്തിക്കമ്പോൾ 6000 മുതൽ 10,000 രൂപ വരെയാണ് ഇടനിലക്കാർ കമ്മിഷനായി തോട്ടമുടമകളിൽ നിന്നു കൈപ്പറ്റുന്നത്. തോട്ടങ്ങളിലെ ജോലികൾ മുടങ്ങിയതിനാൽ ഏജന്റുമാർ പറയുന്ന തുക നൽകാൻ ഉടമകൾ തയാറാണ്. ഈ പണം തൊഴിലാളികളുടെ വേതനത്തിൽ നിന്നു ഗഡുക്കളായി പിന്നീട് ഈടാക്കും.
ജാർഖണ്ഡിൽ നിന്നു 30ൽപ്പരം തൊഴിലാളികളുമായി ടൂറിസ്റ്റ് ബസ് ഇന്നലെ കട്ടപ്പനയിൽ എത്തിയിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ഇവരുടെ പക്കൽ ആധാർ കാർഡ് പോലും ഉണ്ടായിരുന്നില്ല. രേഖയായി ആകെയുള്ളത് തൊഴിലാളികളുടെ പേര് എഴുതിയ പേപ്പർ മാത്രമാണ്. പലരും മുഖാവരണവും ധരിച്ചിരുന്നില്ല. ആരോഗ്യ വകുപ്പും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരുടെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് തോട്ടമുടമകൾ വാഹനങ്ങളിൽ അതാതു തോട്ടങ്ങളിലേക്ക് കൊണ്ടുപോയി. എന്നാൽ ഇവരെ നിരീക്ഷണത്തിലാക്കാനൊന്നും പലരും തയാറാകില്ല.

കമ്മീഷൻ പ്രധാനം
അടുത്തദിവസം മുതൽ തൊഴിലാളികൾ ജോലിക്കിറങ്ങും. പലരും കുടുംബസമേതമാണ് കേരളത്തിലേക്ക് എത്തുന്നത്. തോട്ടങ്ങളിൽ തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ വിളവെടുപ്പ് ഉൾപ്പെടെ ജോലികൾ മുടങ്ങിയിരിക്കുകയാണ്. ഉടമകൾ ആവശ്യപ്പെടുന്ന തൊഴിലാളികളെ ഏജന്റുമാർ ആദ്യഘട്ടത്തിൽ കൊണ്ടുവരാറില്ല. കമ്മിഷൻ തുക കൂടുതൽ നൽകിയാൽ ആവശ്യാനുസരണം എത്തിക്കും.