
കോട്ടയം: ശരീരത്തിൽ മുറിവുണ്ടായ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവൻ സുഖം പ്രാപിക്കുന്നു. പല്ല് തേഞ്ഞു തുടങ്ങിയതിനാൽ പനം പട്ട തിന്നാൻ കഴിയുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നം.പനയോല ചെറുതാക്കിയാണ് കൊടുക്കുന്നത്. പുല്ല് കൊടുക്കാനും ആലോചനയുണ്ട്.
മുപ്പതു വർഷം മുമ്പാണ് ശിവൻ തിരുനക്കരയുടെ ഓമനയായി എത്തിയത് . ഇപ്പോൾ 60 വയസായതോടെ പ്രായാധിക്യത്താൽ പല്ലു തേഞ്ഞുവെന്നാണ് ദേവസ്വം അധികൃതർ പറയുന്നത് . തീറ്റ എടുക്കാൻ പ്രയാസപ്പെടുന്നതും ശരീര ക്ഷീണവും ഇക്കാരണത്താലാണെന്നാണ് വിശദീകരണം.
ഇടതു മസ്തകത്തിന് സമീപവും ഇരുകാലുകളിലുമുണ്ടായ മുറിവ് മരുന്നു പുരട്ടി തുടങ്ങിയതോടെയാണ് ഉണങ്ങിയത്. ആനക്കൊട്ടിലിൽ നിന്നു മാറ്റി കൂത്തമ്പലത്തിന് സമീപമാണ് ഇപ്പോൾ ശിവനെ തളച്ചിരിക്കുന്നത്. മെലിഞ്ഞുവെന്നാരോപിച്ച് ആന പ്രേമികൾ രംഗത്തെത്തിയെങ്കിലും മദപ്പാട് ചികിത്സ കഴിഞ്ഞുള്ള ക്ഷീണം ഉടൻ മാറുമെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം