കട്ടപ്പന: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലുകൾ പ്രകാരം ബ്ലോക്ക് തലത്തിൽ അഗ്രികൾച്ചറൽ പ്രൊഡ്യൂസിംഗ് മാർക്കറ്റിംഗ് കമ്പനികൾ രൂപീകരിക്കുമെന്ന് കർഷക മോർച്ച ഭാരവാഹികൾ അറിയിച്ചു. കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർദ്ധിത വസ്തുക്കളാക്കി വിൽക്കാനാകും. ഒരു ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇതിനായി വകയിരുത്തിയിട്ടുള്ളത്. കേരളത്തിനു 4800 കോടി അനുവദിച്ചു. ആയിരം കർഷകരെ വരെ ഓഹരി ഉടമകളാക്കി കമ്പനികൾ രൂപീകരിക്കാം. 30 ലക്ഷം രൂപ മൂലധനം സ്വരൂപിച്ചാൽ രണ്ട് കോടി വരെ നബാർഡ് വഴി സഹായം ലഭിക്കും. കമ്പനികളിൽ 30,000 രൂപ പ്രതിമാസ വേതനത്തിനു മൂന്നുവർഷം വരെ നിയമനം നടത്താം. മൂന്നുവർഷത്തെ വേതനം കേന്ദ്ര സർക്കാർ നൽകും. ഒരു ബ്ലോക്കിൽ ഒന്ന് എന്ന ക്രമത്തിൽ പതിനായിരം കമ്പനികൾ അഞ്ചുവർഷം കൊണ്ട് നിലവിൽ വരും. ഇടുക്കിയിൽ ഏലം മേഖലയ്ക്ക് ഇതു ഏറെ ഗുണം ചെയ്യും. വൻകിടക്കാരും ലേല ഏജൻസികളും ചേർന്ന് ചെറുകിട കർഷകരെ കൊള്ളയടിക്കുന്നതിനു അറുതി വരുത്താൻ എ.പി.എം.സികൾ നിലവിൽ വരുന്നതോടെ കഴിയും.
നിലവിലുള്ള കർഷക കുട്ടായ്മകൾ നിയന്ത്രിക്കുന്നത് വൻകിടക്കാരാണ്. ഇതുമൂലം പലപ്പോഴും കർഷകരുടെ ഉത്പന്നങ്ങൾക്ക് യഥാർഥ വില കിട്ടുന്നില്ല. കർഷകർ നിയന്ത്രിക്കുന്ന കമ്പനികൾ വരുന്നതോടെ ഉൽപന്നങ്ങൾ രാജ്യാന്തര തലത്തിൽ വിൽക്കാം. കാർഷിക ഉൽപന്നങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ എത്തിക്കാൻ പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും ട്രെയിനുകൾ അനുവദിക്കണം.
കിസാൻ സമ്മാൻ പദ്ധതിയിലൂടെ കേരളത്തിലെ 30 ലക്ഷം ചെറുകിട കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ ബാങ്ക് അക്കൗണ്ടിൽ എത്തുന്നുണ്ട്. രാജ്യത്ത് കർഷക ആത്മഹത്യകൾ കുറഞ്ഞുവരുന്നു. പുതിയ കർഷക നിയമം കാർഷിക രംഗത്ത് മുന്നേറ്റമുണ്ടാക്കുമെന്നും കേന്ദ്ര ഹോൾട്ടികൾച്ചറൽ അംഗം ശ്രീനഗരി രാജൻ, ഭാരവാഹികളായ കെ.എൻ. പ്രകാശ്, എം.എം. മോഹൻദാസ് എന്നിവർ പറഞ്ഞു.