കട്ടപ്പന: ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും നിർമാണ നിരോധനം നീക്കുമെന്നുമുള്ള ഉറപ്പ് മുഖ്യമന്ത്രി പാലിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ. നിർമാണ നിരോധന ഉത്തരവ് നടപ്പായതോടെ ജില്ലയിലെ സമസ്ത മേഖലകളും സ്തംഭിച്ചു. ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും നിർമാണങ്ങളെ നേരിട്ടുബാധിക്കുന്ന കരിനിയമം അടിയന്തരമായി പിൻവലിക്കണം. ചെറുതോണിയിൽ കേരള കോൺഗ്രസ്(ജോസഫ്) നടത്തിവരുന്ന റിലേസമരം 50 ദിവസം പൂർത്തിയായതോടനുബന്ധിച്ച് കട്ടപ്പനയിൽ നടന്ന സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് പെരുമന, ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് ജി.മലയാറ്റ്, ജോയി കുടക്കച്ചിറ, പി.ടി. ഡൊമിനിക്, രാജൻ കുമ്പഴ, റോബിൻ വട്ടക്കാന സത്യഗ്രഹം അനുഷ്ഠിച്ചു. എ.ഐ.സി.സി. അംഗം ഇ.എം.ആഗസ്തി, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, കെ.പി.സി.സി. സെക്രട്ടറി തോമസ് രാജൻ, കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, സാജു പട്ടരുമഠം, തങ്കച്ചൻ വാലുമ്മേൽ, ജോർജ്കുട്ടി തോണക്കര എന്നിവർ പ്രസംഗിച്ചു.